25 February, 2008

എന്റെ പാചകപരാക്രമങ്ങള്

കാലം, 90കളുടെ അവസാന പാദം, ഞാന്‍ ആലപ്പുഴ എസ്. ഡി. കോളേജില്‍ ഒരു പ്രീ ഡിഗ്രി സ്റ്റുഡന്റ് ആയ് ജോലി നോക്കുന്നു.പുതിയ തലമുറയിലെ പല കുട്ടികള്‍ക്കും ഈ ജോലിയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ച് അറിയാന്‍ വഴിയില്ല. മനോഹരമായ ഒരു ജോലിയാണിത്. ഇതിനുള്ള മിനിമം യോഗ്യത പത്താം ക്ലാസ്സ് പാസ്സായിരിക്കണം എന്നതാണ്. മറ്റ് യോഗ്യതങ്ങള്‍ എന്തെല്ലാമെന്ന് ദൈവത്തിനു പോലും പ്രവചിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ചില ചില്ലറ യോഗ്യതകളൊക്കെ മിക്കവാറും എല്ലാ മലയാളികളും ക്ലാസ്സ് മേറ്റ് പോലുള്ള സിനിമകളില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ടാവും. ഇപ്പോള്‍ ഇതൊന്നുമല്ല നമ്മുടെ വിഷയം, എന്റെ പാചക പരാക്രമങ്ങളാണ് നാം ഇവിടെ പ്രതിപാദിക്കാന്‍ പോകുന്നത്.

One fine morning, അല്ല ഒരു നല്ല രാവിലെ ഞാന്‍ കെട്ടി ഒരുങ്ങി കോളേജിലേക്ക് യാത്രയായി. പതിവുപോലെ അമ്മയുടെ ചോദ്യം, അപ്പോള്‍ 11 മണിക്ക് തന്നെ തിരിച്ചെത്തുമല്ലോ, അല്ലേ?

ഇന്നത്തെ കാര്യം ഒന്നും പറയാന്‍ പറ്റില്ലാ, ഊഴം വെച്ച് നോക്കിയാല്‍ ഇന്നു KSUവിന്റെ strike ആണു പക്ഷെ അവറ്ക്ക് ഈയിടെയായി പഴയ ആത്മാറ്ത്ഥത ഇല്ല. ദൈവം കനിഞ്ഞാല്‍ പതിവു പോലെ നോം ഇവിടെയുണ്ടാവും. അല്ലാ എന്താ വിശേഷിച്ച് ഇപ്പോള്‍ ചോദിക്കാന് കൊണ്ട്?

ഒന്നുമില്ലേ കുറെ കാശും മുടക്കി നിന്നെയൊക്കെ കോളേജിലയക്കുന്നതിന്റെ ചാരിതാറ്ത്ഥ്യം കൊണ്ടു ചോദിച്ചു പോയതാണ്. പിന്നെ ഒരു കാര്യം ഇന്ന് ഇവിടെ മീനൊന്നും കിട്ടിയിട്ടില്ല അത് കൊണ്ട് ഉച്ചക്കു ചോറുണ്ണാന്‍ വന്ന് ചന്ദ്രഹാസം മുഴക്കേണ്ട. നിറ്ബന്ധമാണേല്‍ നിന്റെ KSU കാരോട് വാങ്ങിച്ച് തരാന്‍ പറ മീന്‍ പുഴുങ്ങിയത്.

ഈ ഡയലോഗ് എനിക്കൊട്ടും രസിച്ചില്ല, സ്വന്തം മോന്‍ ഒരു മീന്‍ (മത്സ്യം) കൊതിയനാണെന്നുള്ള കാര്യം അത്ര രഹസ്യമൊന്നുമല്ല. പക്ഷെ സ്വന്തം അമ്മ തന്നെ അത് വിളിച്ചു പറഞ്ഞ് നടക്കേണ്ട വല്ല കാര്യവുമുണ്ടോ? നോക്കണേ ഓരോ‍രോ പങ്കപ്പാടുകള്‍.

എന്തായാലും അതൊന്നും ആലോചിച്ചിരിക്കാനുള്ള സമയം ഇല്ല, വേഗം ചെന്നില്ലേല്‍ സിന്ധു അവളുടെ പാട്ടിനു പോകും. സിന്ധുവെന്ന് കേട്ട് ഞെട്ടണ്ട, അങ്ങനെയുള്ള യാതൊരു നല്ല ശീലങ്ങള്‍ക്കുമുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. സിന്ധു ഞാന്‍ സ്ഥിരം പോകാറുള്ള ബസ് ആണ്

ബസ് വന്നു നിന്നപ്പോഴെ കാര്യം വ്യക്തമായി. ഇന്നും strike തന്നെ. നമ്മുടെ സ്ഥിരം കക്ഷികളൊന്നും ബസ്സിലില്ല. അപ്പോള്‍ ഇനി പോകണോ വേണ്ടയോ confusion ആയല്ലോ ഭഗവാനെ!!!

“സ്വപ്നം കാണാതെ വേണേല്‍ കേറെടാ“ നമ്മുടെ കിളിച്ചേട്ടനാണ്. എന്തായാലും വീട്ടില്‍ നിന്നിട്ട് കാര്യം ഇല്ല. പിന്നെ ഏതാണ്‍ പുതിയ പടം റിലീസ്സായത് എന്ന് നോക്കിയിട്ട് വരാം. (പാറ്ട്ടി ഭേദമന്യെ strike ന്റെ ലക്ഷ്യം റിലീസ് ദിവസങ്ങളില്‍ സിനിമ കാണലാണ് ).

ഒടുവില്‍ കോളേജിലെത്തി, ഗെയിറ്റ് കടക്കാന്‍ പോലും പോലീസ് സമ്മതിച്ചില്ല. നമ്മള്‍ വിചാരിച്ച പോലെയല്ല കാര്യം strike നടത്തുന്നത് ABVP യാണ്. അപ്പോള്‍ ഏതോ ഹിന്ദിപ്പടം ആയിരിക്കണം റിലീസ്സായിരിക്കുന്നത്. എന്നാലിനി തീയേറ്ററ് നിരങ്ങി നോക്കാം, പെണ്‍പിള്ളാര്‍ ഒന്നും വന്നിട്ടില്ല അത് കൊണ്ട് സിനിമ കാണാനുള്ള പൈസ കിട്ടുമെന്ന് കരുതേണ്ട. എന്നാലും വെറുതെ സിനിമ ഏതാണെന്ന് ഒന്ന് നോക്കി വെച്ചേക്കാം. തേടിയ വള്ളി കാലേല്‍ ചുറ്റി, ABVP യിലെ സുമേഷും സിനിമയ്ക്കാണെന്നാ തോന്നുന്നത്.

“അളിയോ ഏതാ പുതിയ റിലീസ്, ഏതാ തീയേറ്ററ്?” ഒറ്റ ശ്വാസത്തിലായിരുന്നു ചോദ്യം.

“Apollo 11, ശാന്തി തീയേറ്ററ്”

എന്തര് കപ്പോളോ ഇലവനാ അപ്പം നീയൊക്കെ ഡീസന്റായാ. എന്റെ പട്ടി കാണും ഈ പടമൊക്കെ. നമുക്കു വീട്ടിലോട്ട് തന്നെ പോയി ഇന്‍ഡ്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് കാണാം അതാ നല്ലത്.

“അതാ വരുന്നു നമ്മുടെ ബസ്സ്, ആഹാ നിറ്ത്തില്ലാ എന്നാണോ എന്നാല്‍ അതൊന്നു കണ്ടിട്ടു തന്നെ. വാടാ സുമേഷേ“.

കണ്ടു വ്യക്തമായി ആ ബസ്സ് 100ല്‍ പറക്കുന്നത്. ഇനി അടുത്ത ബസ്സ് തന്നെ ശരണം. അടുത്ത ബസ്സില്‍ എങ്ങനെയൊക്കയോ കേറിപ്പറ്റി വീടിനടുത്തുള്ള സ്റ്റോപ്പിലിറങ്ങി സൈക്കിളെടുത്ത് വീട് ലക്ഷ്യമാക്കി ആഞ്ഞ് ചവിട്ടാന്‍ തുടങ്ങി. പതിവ് പോലെ അനിച്ചേട്ടന്റെ കട ആയപ്പോള്‍ സൈക്കളിന്റെ സ്പീഡ് കുറഞ്ഞ് കുറഞ്ഞ് നിശ്ചലമായി. അച്ഛന് അവിടെ പറ്റുണ്ട്, അതു കോണ്ടാണോ എന്നറിയില്ല, എനിക്ക് അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ ദാഹവും വിശപ്പും. ഈയിടെയായി അനിയത്തിയും തുടങ്ങിയിട്ടുണ്ട് ഈ പരിപാടി എന്ന് പറ്റ് ബുക്ക് എന്നെ പഠിപ്പിച്ചു.

അനിച്ചേട്ടോ ഒരു സോഡാ സറ്ബത്തെടുത്തോ, മധുരം കുറ്ച്ച് കൂട്ടിയിട്ടോ!!

അങ്ങനെ ഇന്ധനം കിട്ടിയ ആവേശത്തില്‍ വീണ്ടും സൈക്കിളെടുത്ത് പറപ്പിച്ചു.

വീട്ടിലെത്തിയപ്പോള്‍ പതിവു പോലെ ആരും ഇല്ല. അച്ഛനും അമ്മയും ജോലിക്കും അനിയത്തി സ്കൂളിലും പോയി. എന്റെ സൌകര്യാറ്ത്ഥം ഇപ്പോള്‍ എനിക്കും ഒരു താക്കോല്‍ ഉണ്ടാക്കി തന്നിട്ടുണ്ട് വീട്ടില്‍ കേറാന്‍.

ഓടിച്ചെന്ന് ടിവി ഓണ്‍ ചെയ്ത് നോക്കി നമ്മുടെ പ്രതീക്ഷകള്‍ തെറ്റിയിട്ടില്ല, സച്ചിന്‍ പതിവു പോലെ out. ദ്രാവിഡ് പതിവു ശൈലിയില്‍ തുഴച്ചില്‍ തുടങ്ങിയിട്ടുണ്ട്. 7 ഓവറ് തുഴഞ്ഞിട്ടും ഒരു കരയ്ക്കുമെത്തിയില്ല. അതോടെ ഇന്‍ഡ്യ നല്ല അടിത്തറ ഇടുമെന്ന് മനസ്സിലാക്കിയ ഞാന്‍ ടിവി ഓഫ് ചെയ്ത് ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ മേലോട്ട് നോക്കിയിരിപ്പായി.

അപ്പോഴാണു‍ മത്തിമത്തിയേപൂഹോയ് എന്നൊരലറ്ച്ച കേട്ടത്.

അതാ വരുന്നൂ ദൈവദൂതന്‍ മീങ്കാരന്റെ രൂപത്തില്‍. കിട്ടീ ഐഡിയ ഇന്നത്തെ പരിപാടി മീങ്കറി ഉണ്ടാക്കല്‍. എന്താ നിങ്ങള്‍ക്ക് സംശയം ഉണ്ടോ ആദ്യമായിട്ടാണു ചെയ്യുന്നതെങ്കിലും ഞാനിതില്‍ ഒരു expert അല്ലെ. ഇന്നത്തോടെ അമ്മയുടെ അഹങ്കാരം തീറ്ക്കണം വല്യ പാചക നിപുണയാണെന്നാ ഭാവം. ഇന്നെല്ലാം തകറ്ക്കും ഞാന്‍.

അങ്ങനെ മീന്‍ വാങ്ങിച്ചു. 10 രൂപയ്ക്ക് 8 മത്തി, അപ്പോള്‍ ഒരു മത്തിക്കെത്ര?

ഇനി രുചികരമായ മീങ്കറി എങ്ങനെ ഉണ്ടാക്കാം എന്ന്‍ നമുക്ക് നോക്കാം.

അതിനായി ആദ്യം മീന്‍ മുറിച്ചു വൃത്തിയാക്കണം, അത് ആരു ചെയ്യും? ആരു ചെയ്യാനാ നമ്മള്‍ തന്നെ ചെയ്യണം.

അപ്പോള്‍ മീന്‍ മുറിക്കല്‍ തുടങ്ങാം. ഇതു വളരെ എളുപ്പമുള്ള പണിയാണ്. ആദ്യമായി മീന്‍ കയ്യിലെടുക്കുമ്പോള്‍ തന്നെ അത് വഴുതിക്കളിച്ചു തുടങ്ങും ഇത്രയും നാള്‍ വെള്ളത്തില്‍ കിടന്നത് കൊണ്ടാവും ഈ വഴു വഴുപ്പ്. പിന്നെ ഒന്നും നോക്കാനില്ല. നല്ല ഒരു പലകയെടുത്ത് അതിന്മേല്‍ ഈ മീനിനെ പ്രതിഷ്ഠിക്കുക. എന്നിട്ട് ആദ്യം തലയും പിന്നെ വാലും നോക്കി നല്ല രണ്ടു വെട്ട് കൊടുക്കുക. If you are lucky enough, something will remain there. For example, ഈ പരീക്ഷണത്തിനു ശേഷവും എനിക്ക് 1 – 2 cm നീളത്തില്‍ കുറെ മീന്‍ കഷ്ണങ്ങള്‍ കിട്ടി. അതാണതിന്റെ ബൂട്ടി. പിന്നെ ഇതിന്റെ ഇടയില്‍ ചെയ്യേണ്ട മറ്റൊരു കാര്യം മീനിന്റെ കുടലും അനുബന്ധ ഭാഗങ്ങളും നീക്കം ചെയ്യുക എന്നതാണു. എന്താണോ എന്തോ ഇതൊന്നും ഞാന്‍ കണ്ടില്ല. ഇനി കുടലില്ലാത്ത മീനുകള്‍ ആയിരിക്കുമോ?

എന്തായാലും എന്റെ ഈ മീന്‍ മുറിക്കല്‍ കറ്മ്മം ആദ്യം മുതല്‍ അവസാനം വരെ പ്രോത്സാഹിപ്പിക്കാന്‍ ആളുണ്ടായിരുന്നു. മറ്റാരുമല്ല ഒരു പറ്റം പൂച്ചകള്‍. ആദ്യ മീന്‍ മുറിക്കലില്‍ തന്നെ അവറ് മനസ്സിലാക്കി ഞാന്‍ ഇതില്‍ അഗ്രഗണ്യനാണെന്ന് പിന്നെ എന്തായിരുന്നു പ്രോത്സാഹനം.

അങ്ങനെ അതു കഴിഞ്ഞു ഇനി എന്ത് ചെയ്യണം...വൃത്തിയാക്കിയ മീനെല്ലാം ഒരു കറിച്ചട്ടിയില്‍ ഇടുക - കുറച്ച് വെള്ളം ഒഴിക്കുക - വേവിക്കുക. അപ്പോള്‍ കിട്ടുന്നതാണു മീന്‍ പുഴുങ്ങിയത്അല്ലല്ല മീങ്കറി.

അപ്പോള്‍ ഈ കറിക്ക് എങ്ങനെ നിറമൊക്കെ കിട്ടും, അടുത്ത ചലഞ്ച്. കളറുള്ള ഏതൊക്കെ പൊടികളാണു അടുക്കളയില്‍ ഉള്ളത്..നിങ്ങള്‍ പറയൂ. മല്ലി പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എല്ലാം ആവശ്യത്തിനു ചേറ്ക്കുക. ഇതാണു നള പാചകം. ഇനി കുറച്ച് പുളി കൂടി ആവാം അല്ലെ, പിന്നല്ലാതെ. ഇനി കുറച്ച് വേപ്പിലയും ഇടാം. ഉള്ളി ചേറ്ക്കുമോ എന്തോ? ആ കണ്‍ഫ്യൂഷനില്‍ നിന്നപ്പോള്‍ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. ഇനി ഇതാരാണാവോ. അടുക്കളയുടെ വാതില്‍ ചേറ്ത്തടച്ചിട്ട് ഫോണിനടുത്തേക്ക് നീങ്ങി, അല്ല്ങ്കില്‍ നമ്മുടെ പൂച്ച വിദഗ്ധറ് കറി ടെസ്റ്റ് ചെയ്താലോ!

ഫോണില് മറ്റാരുമല്ല നമ്മുടെ രഞ്ചിയാണ് (രഞ്ചിയാരാണെന്ന് അറിയാന്‍ ഇതിനു മുന്‍പുള്ള പോസ്റ്റുകള്‍ വായിക്കുക – അതൊരു അനുഭവം തന്നെ ആയിരിക്കും). നിങ്ങള്‍ എല്ലാം എന്താ വിചാരിച്ചത് അന്നത്തെ ആ സംഭവം കഴിഞ്ഞു ഞങ്ങള്‍ തമ്മില്‍ തെറ്റിയെന്നോ..ഏയ് ഞങ്ങള്‍ ഇപ്പോഴും friendക്കളാ

അവന്റെ പ്രശ്നം പതിവ് തന്നെ എന്റെ ബാച്ചിലെ നിറ്മ്മലാ മേരിയെ പരിചയപ്പെടണം. എത്ര കിട്ടിയാലും പഠിക്കാത്ത സാധനം. ഈ മാതിരി ഒരെണ്ണത്തിനെ കൂടിയെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. അവനെ നിങ്ങള്‍ക്ക് ഇവിടെ പരിചയപ്പെടാം. രഞ്ചിയിലേക്ക് തിരികെ വരാം. അവന്റ് അഭിപ്രായത്തില്‍ ഞാനും നിറ്മ്മലയും ഒരേ ബാച്ചിലായതിനാല്‍ എനിക്കത് നിഷ്പ്രയാസം സാധിക്കുമത്രെ.ഞങ്ങളുടെ സംഭാഷണം വിവിധ strategy planning ലൂടെ നീണ്ടു നീണ്ടു പോയി. ആ കഥ പിന്നീടൊരിക്കല്‍ പറയാം എല്ലാം കഴിഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ ആരോ കോളിങ് ബെല്ലടിച്ചു.

ആഹാ ഇതാരപ്പാ എന്ന് പറഞ്ഞ് വാതില്‍ തുറന്നപ്പോള്‍ ദാ നില്‍ക്കുന്നു നമ്മുടെ മാതാശ്രീ.

വാ മോളെ വാ..ഇന്നെന്റെ മീങ്കറി കഴിച്ചു നോക്കി എന്റെ കഴിവില്‍ അഭിമാനം കൊള്ളൂ.

അമ്മയ്ക്ക് ആകെ ഒരു സംശയം എന്നെ തുറിച്ച് നോക്കിക്കൊണ്ട് വേഗം അകത്തേക്കു കടന്നിട്ട് എന്താടാ ഇവിടെയെല്ലാം ഒരു കരിഞ്ഞ മണം എന്ന് ചോദിച്ചപ്പോഴാണു എനിക്കു മീങ്കറിയുടെ സ്റ്റാറ്റസ് ഏകദേശം മനസ്സിലായത്.

അതു ഞാന്‍ മീങ്കറി വെച്ചതാ എന്നു പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് ഓടി കയറിയപ്പോഴാണ് ഞാന്‍ ആ സത്യം മനസ്സിലാക്കുന്നത് (അമ്മയും മനസ്സിലാക്കി).

ഈ സ്വറ്ഗം എന്നു പറയുന്നത് ആകാശത്തിലും പാതാളത്തിലുമൊന്നുമല്ല. അതു ഭൂമിയില്‍ തന്നെ ആണ്. കൃത്യമായി പറഞ്ഞാല്‍ എന്റെ വീടിന്റെ അടുക്കളയില്‍. അവിടെമാകെ ഇപ്പോള്‍ മേഘങ്ങളാണു (കൃത്യമായി പറഞ്ഞാല്‍ പുക അല്ലെങ്കില്‍ പുഹ). പാരിജാത പുഷ്പത്തിന്റേതാണെന്ന് തോന്നുന്നു, നല്ല സുഗന്ധം. അമ്മ എന്റെ അത്രയ്ക്കും പുണ്യം ചെയ്യാത്തതിനാല്‍ വേഗം പുറത്തേക്ക് ഗമിക്കേണ്ടി വന്നു. Poor girl – Paradise Lostഎനിക്ക് ഗ്യാസ് സ്റ്റൌവ് ഓഫ് ചെയ്യുന്ന വരെ സ്വറ്ഗത്തില്‍ നില്‍ക്കാന്‍ പറ്റി. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ എന്റെ കണ്ണു നിറഞ്ഞിരുന്നുസന്തോഷം കൊണ്ട്!!!!

ഈ പാചക പരീക്ഷണങ്ങളിലൂടെ എനിക്ക് പ്രാപ്തമായത്: ഫ്രീ ആയി സ്വറ്ഗം വിസിറ്റി, മീങ്കറി ഉണ്ടാക്കാന്‍ പഠിച്ചു, അമ്മയുടെ മുന്നില്‍ കഴിവ് തെളിയിച്ചു, സ്ത്രീകള്‍ എന്ത് കൊണ്ട് അക്കാലങ്ങളില്‍ വിമ്മിഷ്ടപ്പെട്ടിരുന്നു എന്ന് മന്‍സ്സിലാക്കി (അന്ന് എക്സോ ഇല്ലല്ലോ), പിന്നെ കുറേ പൂച്ച ആരാധകരും എനിക്കേ.....


10 comments:

Maydinan said...

മീന്‍ കറിയുടെ കരിഞ്ഞ നാറ്റം ബ്ലോഗില്‍ അനുഭവിപ്പിക്കാന്‍ കഴിഞ്ഞു ഇനിയും നിന്‍റെ സുരക്ഷിത പരാക്രമങ്ങള്‍ കിട്ടുമല്ലോ ? എല്ലാത്തിലും നീ വളരെ മാന്യന്‍ ആണ് . മറി നിന്നു കഥ പറയുന്നതു എന്തിനാ ? നിന്‍റെ നേരിട്ടുള്ള ഇടപെടല്‍ വേണം. ഇതൊന്നും നീ ചെയ്യുന്നതല്ല ആരോ നിര്‍ബന്ധിച്ചു ചെയ്യിക്കുന്ന പോലെ തോന്നുനു തുറന്നു പറയുമ്പോള്‍ പലതും മറന്നു പോകുന്നുവോ ?

ശ്രീ said...

ഹ ഹ. കലക്കിയല്ലോ മാഷേ. തകര്പ്പന്‍ വിവരണം. ഇനി അടുത്ത പരാക്രമം പോരട്ടേ...
:)

shihab said...

ജീവിതത്തില് എല്ലാം പരീക്ഷിക്കുന്നത് നല്ലതാണ്.പക്ഷെ ചെയ്യുമ്പോള് അഹംഭാവം ഉന്ടായാല് ഒന്നും നടക്കില്ല.


മീന് കറി വെക്കാന് പോലും…………………..!!!!

Lettescia said...

As always, the best!!! You have a natural way of treating the readers!!

Anonymous said...

സൂപറായിട്ടുണ്ട്......

Peelikkutty!!!!! said...

ആസ്വദിച്ചു വായിക്കാന്‍‌ പറ്റി.ആദ്യ പരാക്രമം‌ മത്തിയില്‍‌ തന്നെ ആയിരുന്നു...ഒരു സിസ്റ്റര്‍‌ മരിച്ച് സ്കൂള്‍‌ നേരത്തെ വിട്ടപ്പോ!!!.. അന്ന് അമ്മ സ്കൂളില്‍‌ പോവുമ്പളേക്കും‌ മീങ്കാരന്‍‌ വരാത്ത ദിവസം‌ തന്നെ:)...മീന്‍‌ കൊതിച്ചിയെന്നു പ്രത്യേകം‌ പരിചയപ്പെടുത്തുന്നില്ല;)

കരിഞ്ഞൊന്നും‌ പോയില്ല...പക്ഷേ മുറിച്ചു കഴുകാന്‍‌ ഒരു മൂന്നാലു മണിക്കൂറെടുത്തു:(..കറിക്കു ടേസ്റ്റുണ്ടായിരുന്നു..എന്താന്നറിയില്ല മീന്‍‌ മിക്സിയിലിട്ട് അടിച്ച രൂപത്തില് ഒരു വശത്തും‌ മുള്ള് സെപറേറ്റ്‌ ആയി വേറെ വശത്തും‌ ആയിരുന്നു!

Jith Raj said...

എല്ലാ കമന്റുകള്‍ക്കും നന്ദി. പ്രിയ ശ്രീ താങ്കള്‍ പറഞ്ഞ പോലെ തന്നെ ഞാന്‍ മൌറീഷ്യന്‍ ഡയറിയുടെ ആദ്യ പോസ്റ്റ് നടത്തിയിട്ടുണ്ട്, ശ്രദ്ധിക്കുമല്ലോ. ഡയറിയിലേക്ക് പോകാന്‍ ഇവിടെ ക്ലിക്കുക. സമാനാനുഭവം പീലിക്കുട്ടി പങ്ക് വെച്ചത് വളരെ ഹൃദ്യമായി തോന്നി. അത് ഒരു പോസ്റ്റാക്കാന്‍ ശ്രദ്ധിക്കുമല്ലോ.

ഹരിശ്രീ said...

മാഷേ,

നന്നായിട്ടുണ്ട്.

:)

വിന്‍സ് said...

ഹോ ജിത്തിന്റെ ബ്ലോഗ് കാണാന്‍ വൈകി. ഇന്നിനി മൊത്തം വായിച്ചു ഫേവറിറ്റ്സില്‍ കയറ്റിയേ ഞാന്‍ നിര്‍ത്തൂ. കൊള്ളാം...നല്ല രസമുള്ള എഴുത്ത്. കോളേജും, സ്കൂളും പറ്റു കടയും ഒക്കെ കുറേ നല്ല രസകരമായ ഓര്‍മ്മകളിലേക്കു കൊണ്ടു പോയി.

ശ്രീവല്ലഭന്‍ said...

വളരെ രസകരമായ വിവരണം :-)