കൂട്ടുകാരൊക്കെ വീഡിയൊ എഡിറ്റിങ്ങ് നടത്തി കയ്യടി വാങ്ങുമ്പോള്‍ എനിക്കും തോന്നി ഒരാശ, എന്തൊക്കെ സംഭവിച്ചാലും എനിക്കും ഒരു വീഡിയൊ എങ്കിലും എഡിറ്റ് ചെയ്യണം. അങ്ങനെ കരുതി കൂട്ടി ചെയ്ത ഒരു പാതകമാണുവീഡിയൊ രൂപത്തില്‍ താഴെ കൊടുത്തിരിക്കുന്നത്. തല്ലിപ്പഴുപ്പിച്ചാല്‍ രുചി ഉണ്ടാവില്ല എന്ന് പറയുന്നത് പോലെ എഡിറ്റ് ചെയ്യാന്‍ വേണ്ടി ചെയ്തത് കൊണ്ട് നന്നായി വൃത്തികേടായിട്ടുണ്ട്. ആര്‍ക്കും ഇതിനെകുറിച്ച്നല്ല അഭിപ്രായം ഇല്ല. എന്തായാലും ചെയ്തു, എന്നാല്‍ ഇത് കാണിച്ച് എല്ലാവരേയും ബോറഡിപ്പിക്കുക എന്നുള്ളതാണ് ഇനി ചെയ്യാന്‍ പറ്റുന്ന ഏക കാര്യം. അതിനുള്ള ശ്രമം ആണ് ഈ പോസ്റ്റ്.
ഇതിന്റെ സന്ദര്‍ഭവും സാരസ്യവും ഞാന്‍ വ്യക്തമാക്കാം. പണ്ട് ദൂരദര്‍ശനില്‍ ഡക്ക് ടെയ്ല്സ് എന്നൊരു കാര്‍ട്ടൂണ്‍ പരമ്പര ഉണ്ടായിരുന്നു, അതിന്റെ ടൈറ്റില്‍ സോങ്ങിനനുസരിച്ച് തമിഴ് താരങ്ങളായ അസിന്‍, സൂര്യ എന്നിവര്‍ നൃത്തച്ചുവടുകളുമായി നിങ്ങളുടെ മുന്നിലെത്തുന്നു. ആസ്വദിക്കുക….ആശീര്‍വദിക്കുക…..
ബോധം വീണ്ടെടുത്ത ലുട്ടാപ്പി ഓടി എന്റെ റൂമില്‍ വന്ന് സുഖമായി ഉറങ്ങുകയായിരുന്ന എന്നെ കുത്തി എണീപ്പിച്ചു. ഒന്നും മനസ്സിലാവാതെ എണീറ്റ് കണ്ണും മിഴിച്ചിരുന്ന എന്നോടവന്‍ മൊഴിഞ്ഞു: “മച്ചൂ, നമ്മുടെ എക്സാം മാറ്റി വെച്ചു, നീ അറിഞ്ഞില്ലേ?“
“ഇതിനാണോടാ പട്ടീ നീ എന്നെ എണീപ്പിച്ചത്. ഇതറിഞ്ഞിട്ടല്ലേ നിന്റെ പുറത്ത് ഇന്നലെ വെള്ളമൊഴിച്ചത്, നീ അറിഞ്ഞില്ല അല്ലേ, എങ്ങെനെ അറിയാനാ ബോധം വേണ്ടെ?“
“ഓഹോ നിനക്കൊക്കെ ഇത് ആഘോഷമാണല്ലെ! ഞാനാണെങ്കില്‍ ഒന്നും പഠിച്ചിട്ടില്ല, അവന്റെയൊക്കെ ഒടുക്കത്തെയൊരു ആഘോഷം!”
“അതിനെന്താ അളിയാ പരീക്ഷ മാറ്റി വെച്ചാല്‍ സമയമങ്ങോട്ട് കിടക്കുകയല്ലേ നീ ഇങ്ങനെ ടെന്‍ഷന്‍ ആവാതെ”
“അതു ശെരി, അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ട് പിന്നേം നിനക്ക് മുറുമുറുപ്പല്ലേ”
“ഏത് അരി? ഏത് ആശാരിച്ചി? നീ രാവിലെ തന്നെ എടുത്ത് വീശി അല്ലേ?”
“നിന്റെ മറ്റവനാടാ വീശിയത്, എന്നെകൊണ്ടൊന്നും പറയിക്കല്ലെ, എടാ മരപ്പട്ടീ പരീക്ഷ മാറ്റി വെച്ചന്നത് ശരി തന്നെ, അതായത് ഏപ്രില്‍ 28 ലെ പരീക്ഷ ഏപ്രില്‍ 15 ലേക്ക് മാറ്റി, സന്തോഷമായോ?”
“എന്ത് അളിയാ എന്നെ ഒന്നു പിടിച്ചേ എനിക്ക് ഒരു നെഞ്ച് വേദന പോലെ, നീ പറയുന്നത് സത്യമാണോ, അതോ നീ ഇന്നലത്തെ പോലെ വീലാണോ?”
“പോടാ $&^%$!@*, പത്രം എടുത്ത് നോക്ക്, അപ്പോള്‍ നീയൊക്കെ പഠിക്കും, അല്ല ഈ എക്സാം മാറ്റിയ കാര്യം ആരാ നിങ്ങളോട് പറഞ്ഞത്”
“നമ്മുടെ കുട്ടിച്ചാത്തനാ അളിയാ, അവനെ ഞാനിന്നു കൊല്ലും” തളര്‍ന്ന ശബ്ദത്തോടെ ഞാന്‍ പറഞ്ഞു.
“ഇല്ലെടാ ഇല്ല, അവന്റെ രക്തം എനിക്കുള്ളതാ ഞാന്‍ കൊല്ലും അവനെ” എന്നു പറഞ്ഞ് ലുട്ടാപ്പി ചാത്തന്റെ റൂമിലേക്ക് ഓടി, പുറകെ ഞാനും.
ചാത്തന്റെ റൂമിലെത്തിയപ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തന്നെ അവനെ കൊല്ലാനായി എത്തിയിട്ടുണ്ട്, ഇനി എന്ത് ചെയ്യും ഈ ക്യൂവില്‍ നിന്നിട്ട് കാര്യമൊന്നുമില്ല. ഇത്രയും പേര്‍ക്ക് കൊല്ലാനുള്ള വകുപ്പൊന്നും ചാത്തനലില്ല.
ജനക്കൂട്ടം കണ്ട് അമ്പരന്ന ഞങ്ങളോട് ഫിലിപ്പ് പറഞ്ഞു, “അറിഞ്ഞില്ലെ, നമ്മുടെ ചാത്തനെ ഇലക്ട്രിക്കലിലെ വൃന്ദാ മേനോന്‍ തെറി വിളിച്ചു അവരെ പറ്റിച്ചു എന്ന് പറഞ്ഞു, ചാത്തന്‍ സെന്റിയടിച്ച് കിടപ്പില് ആണ്”.
അപ്പോള്‍ അതാണ് കാര്യം, നമ്മള്‍ ചെയ്യാനുള്ളത് വൃന്ദ ചെയ്തു, മിടുക്കി. ഞാനും ലുട്ടാപ്പിയും സന്തോഷവാന്‍മാരായി.
അപ്പോഴാണ് സണ്ണി കണ്ണും തിരുമ്മി അങ്ങോട്ട് വന്നത്, അവന്‍ ഞങ്ങളോട് ചോദിച്ചു: “അളിയാ കാര്യങ്ങളൊക്കെ അറിഞ്ഞില്ലെ, ഇനി നമ്മള്‍ എന്ത് ചെയ്യും? കാര്യങ്ങളോക്കെ ഇങ്ങനെയാണെങ്കില്‍ അടുത്താഴ്ച പരീക്ഷ നടക്കും നമ്മുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് വെള്ളത്തിലാവുകയും ചെയ്യും, എന്താ വഴി?”
“നമുക്ക് അനീഷിനെക്കൊണ്ട് ഒന്നു യൂണിവേഴ്സിറ്റിയിലോട്ടു വിളിപ്പിച്ചാലോ? അവന്റെ ആരൊ അവിടെയില്ലെ കാര്യങ്ങള്‍ കൃത്യമായി അറിയുകയും ചെയ്യാം”
ഞങ്ങള്‍ അനീഷിന്റെ റൂമിലേക്കു ചെന്നപ്പോള്‍ തന്നെ അവന്‍ പറഞ്ഞു “ഞാന്‍ യൂണിവേഴ്സിറ്റിയിലെ അങ്കിളിനെ വിളിച്ചിരുന്നു, പുതുതായി വന്ന വൈസ് ചാന്‍സലര്‍ സ്ട്രിക്ട് ആണത്രെ ഈ എക്സാം മാറ്റിച്ചതൊക്കെ അവരുടെ പണിയാണു പോലും, ഇത്തവണ പഴയ മെമ്മോറാണ്ടം കളിയൊന്നും നടക്കുകേലാ, ജയിക്കണേല്‍ കുത്തിയിരുന്നു പഠിച്ചോളാന്‍ പറഞ്ഞു”.
“നാരകം നട്ടിടം
കൂവളം കെട്ടിടം
നാരീ ഭരിച്ചിടം
----------------------------“
നമ്പീശന്‍ പതിയെ പാടി തുടങ്ങി. വൈസ് ചാന്‍സലര്‍ സ്ത്രീ ആയതാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം എന്ന് വ്യംഗ്യം.
“മനുഷ്യനു ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ്‍ അവന്റെ ഒരു കൂവളം കെട്ടിടം”.
“കൂവളം കെട്ടിടമോ? അതെന്ത് കെട്ടിടം അളിയാ” അപ്പോള്‍ അങ്ങോട്ടു വന്ന രെഞ്ചി ചോദിച്ചു.
“അത് നിന്റെ അമ്മായി അമ്മയെ കുഴിച്ചിട്ടില്ലെ അതിന്റെ മുകളില്‍ പണിത കെട്ടിടം, രാവിലെ ഓരോന്നിറങ്ങിക്കോളും കൂവളം കെട്ടിടോം തപ്പി”.
നമുക്ക് ജോണിന്റെ റൂമിലേക്ക് ചെന്ന് അവന്മാരുടെ പരിപാടി എന്താണെന്ന് നോക്കാം. അവിടെ ചെന്നപ്പോള്‍ ജോണും പീഡുവും കൂടി മെമ്മോറാണ്ടത്തിന്റെ മാറ്റര്‍ തയ്യാറാക്കുകയാണ്.
ഞാന്‍ പറഞ്ഞു: “അളിയോ ഈ സൈസ് പുതിയ വൈസ് ചാന്‍സലറിന്റെ അടുത്ത് നടക്കുകേലാ വേറെ വഴി നോക്കണം”
“അത് നിന്റെ അമ്മായി അമ്മയെ കുഴിച്ചിട്ടില്ലെ അതിന്റെ മുകളില്‍ പണിത കെട്ടിടം“. സന്തോഷത്തോടെ രഞ്ചി പറഞ്ഞു.
“എടാ നമുക്ക് വേറെന്തെങ്കിലും പരിപാടി നോക്കണം, ആ മെമ്മോറാണ്ടം വലിച്ച് കീറി കളഞ്ഞോ”
“എന്നാല്‍ നമുക്ക് പത്രത്തില്‍ ഒരു പബ്ലിസിറ്റി നടത്തി നോക്കിയാലോ” രഞ്ചി ചോദിച്ചു.
“പോടാ അവിടുന്ന്, പത്രാധിപര്‍ നിന്റെ -----അല്ലെ നീ പറയുന്നത് എഴുതാന്‍”
“അളിയാ പരിപാടിയൊക്കെ ഒപ്പിക്കാം, നീ വേഗം ഇംഗ്ലീഷിലും മലയാളത്തിലും ഒരു മാറ്റര്‍ തയ്യാറാക്കി താ”
“നീ വെറുതെ ആശ തരല്ലെ, ഇത് തമാശ കളിക്കാനുള്ള കാര്യം അല്ല” ജോണ്‍ പറഞ്ഞു.
“നീ എഴുതെടാ, ബാക്കി കാര്യം ഞാന്‍ ഏറ്റു”.
ഇത് കേട്ട് അല്പം സംശയത്തോടെയാണെങ്കിലും പീഡു ഇംഗ്ലീഷിലും, ജോണ്‍ മലയാളത്തിലും മാറ്റര്‍ തയ്യാറാക്കി തുടങ്ങി.
രഞ്ചിയാവട്ടെ ശ്രീകുമാറിനെ വിളിക്കാന്‍ അവന്റെ റൂമിലേക്കും.
ശ്രീകുമാറിന്‍ ടെലിവിഷന്‍ ചാനല്‍കാരൊക്കെയായി നല്ല ബന്ധമാണ്. അതുപയോഗപ്പെടുത്തലാണു രഞ്ചിയുടെ ഉദ്ദേശ്യം.
അര മണിക്കൂറിനുള്ളില്‍ മാറ്ററുമായി രഞ്ചിയും ശ്രീകുമാറും സ്ഥലം വിട്ടു.
ഇതൊന്നും നടക്കാന്‍ പോണില്ലെടേ എന്ന ഭാവത്തില്‍ നമ്മെളെല്ലാം പതിവു കലാപരിപാടികളിലേയ്ക്കും തിരിച്ചു പോയി.
പക്ഷെ ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ശ്രീകുമാറിന്റെ ഫോണ്‍ വന്നു. “അഴിയാ, കാര്യങ്ങളൊക്കെ ക്ലിയഴായി നടന്നു, പത്രത്തിലൊക്കെ വാര്‍ത്ത നാളെ വരും, ഇന്‍ഡ്യാവിഷന്‍ നമ്മുടെ ഇന്റെര്‍വ്യൂ എടുക്കാന്‍ അങ്ങോട്ടു വരുന്നുണ്ട്, അങ്ങോട്ടു………വരുന്നുണ്ട്. നിങ്ങള്‍ അത് മാനേജ് ചെയ്തോണം, ഞങ്ങള്‍ കുറച്ച് ലേറ്റാവും, ങാ പിന്നെ ഇന്ഡ്യാവിഷന്‍ ടീമിന്‍ നിന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട് അവര്‍ നിന്നെ വിളിക്കും, ഓകെ, ബൈ”.
“എന്താടാ അവന്‍ പറഞ്ഞത്” ജോണിന്റെ ചോദ്യം.
“ഒന്നുമില്ലെടാ അവന്‍ വെള്ളമടിച്ച് എന്തോ പിച്ചും പേയും പറയുന്നതാ”
എന്തായാലും എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ഇന്‍ഡ്യാവിഷന്റെ ഫോണ്‍ വന്നു, കോളേജിലെക്കുള്ള വഴി ചോദിച്ചുകൊണ്ടു.
ഈ സന്തോഷവര്‍ത്തമാനം അറിയിച്ചപ്പോള്‍ പീഡു പറഞ്ഞു, ഞാനപ്പോഴെ പറഞ്ഞില്ലെ അവന്മാര്‍ പോയാല്‍ കാര്യം നടക്കുമെന്നു.
ഞാന്‍ അവനെ നോക്കി പല്ലിറുമ്മി.
അല്പ സമയത്തിനുള്ളില്‍ തന്നെ ടിവിക്കാര്‍ എത്തി. ഫാഷന്‍ ഷോയ്ക്ക് പോവുന്നത് പോലെ കുറെ സുന്ദരന്മാരെയും സുന്ദരികളെയും കണ്ട് ടിവിക്കാര്‍ ഞെട്ടി.
എന്തായാലും പറയാനുള്ളതെല്ലാം ജോണും പീഡുവും കൂടെ വളരെ തന്മയത്വത്തോടെ അഭിനയിച്ചു. അവരുടെ വിഷമം കണ്ട ക്യാമറാമാനും റിപ്പോര്‍ട്ടറും കരച്ചിലോടെ കരച്ചില്‍. ഒരു വിധത്തില്‍ അവരെ സമാശ്വസിപ്പിച്ചു വിട്ടു. അപ്പോള്‍ നാളെ രാവിലെ മുതല്‍ ഈ അങ്കം ടിവിയില്‍ കാണാം.
പിറ്റേന്ന് രാവിലെ തന്നെ പത്രങ്ങളായ പത്രങ്ങളൊക്കെ നോക്കിയപ്പോള്‍ വാര്‍ത്ത വന്നിട്ടുണ്ട്, കുറെക്കൂടെ നല്ല ഭാഷയില്‍. ന്യൂ ഇന്ഡ്യന്‍ എക്സ്പ്രക്സ് 4 കോളം വാര്‍ത്ത തന്നെ കൊടുത്തിരിക്കുന്നു, ഇവന്മാര്‍ ഇതു എങ്ങനെ ഉണ്ടാക്കിയോ ആവോ?
പിന്നെ ടിവിയില്‍ ന്യൂസ് തുടങ്ങുന്നതിന്റെ മ്യൂസിക് കേട്ട് എല്ലാവരും അങ്ങോട്ട് ഓട്ടമായി. പറഞ്ഞപോലെ അവര്‍ വാക്ക് പാലിച്ചു. കൃത്യമായി ഞങ്ങളുടെ കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു. അത് കേട്ടപ്പോഴാണ്‍ ഞങ്ങള്‍ ഇത്രയും വലിയ പ്രശ്നത്തിലാണെന്ന് മനസ്സിലായത്. എന്തായാലും ചാനല്‍ കവറേജൊക്കെ വന്നതല്ലേ ഒന്നു കൂടി യൂണിവേഴ്സിറ്റിയിലേക്കു വിളിക്കാന്‍ അനീഷിനെ ശട്ടം കെട്ടി.
യൂണിവേഴ്സിറ്റിയില്‍ വിളിച്ച അനീഷ് പറഞ്ഞു: “അളിയാ പണി ഏറ്റെന്നാ തോന്നുന്നത്. ഇന്ന് സിംഡിക്കേറ്റ് മീറ്റിങ്ങ് വിളിച്ചിട്ടുണ്ട്, അതിലാ പരീക്ഷയുടെ ഫൈനല്‍ തീരുമാനം വരുന്നത്. എന്തായാലും പരീക്ഷ മാറ്റാനാ സാദ്ധ്യത എന്നാ അങ്കിള്‍ പറഞ്ഞത്”.
ഈ വാര്‍ത്ത തന്നെ ചെറിയ ഒരു ആഘോഷത്തിനു തീ കൊളുത്തി.
ഉച്ചയോടെ തന്നെ ടിവി ചാനല് ആ വാര്‍ത്ത പുറത്തു വിട്ടു, അവരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുട്ടികളുടെ സൈകര്യാര്‍ത്ഥം യൂണിവേഴ്സിറ്റി പരീക്ഷ മാറ്റിവെച്ചു. വിശദാംശങ്ങള്‍ നാളെ അറിവാകും. അപ്പോള്‍ തന്നെ ഹോളി ആഘോഷം തുടങ്ങി, പിന്നല്ലാതെ ഇത്തവണ ചാത്തന്‍ അല്ല പറഞ്ഞിരിക്കുന്നത്, സിംഡിക്കേറ്റാ….ഇങ്ങനെയിരിക്കും ഞങ്ങളെ തൊട്ടാല്‍…യൂണിവേഴ്സിറ്റി ആണെന്നൊന്നും ഞങ്ങള്‍ നോക്കില്ല.
അങ്ങനെ ഞങ്ങളുടെ സഹന സമരം വിജയം കണ്ടു ഞങ്ങള്‍ യൂണിവേഴ്സിറ്റിയെ കെട്ടുകെട്ടിച്ചു. രാത്രി വൈകിയെത്തിയ രഞ്ചിക്കും ശ്രീകുമാറിനും ഗംഭീര വരവേല്പായിരുന്നു, ഇതൊന്നും മനസ്സിലാക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവരെങ്കിലും.
പിറ്റേന്ന് പത്രമെടുത്തവരെല്ലാം ബോധം കെട്ട് താഴെ വീണു, മറ്റൊന്നും കൊണ്ടല്ല പരീക്ഷ മാറ്റിവെച്ച വാര്‍ത്ത കണ്ടുള്ള സന്തോഷം തന്നെ കാരണം. ആ വാര്‍ത്ത പ്രകാരം 15 ന്‍ രാവിലെ നടത്തേണ്ട പരീക്ഷ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം മാറ്റി വെച്ചു, എന്നത്തേക്കെന്നല്ലേ അന്ന് ഉച്ചക്കത്തേക്ക് തന്നെ. അങ്ങനെ ഞങ്ങളുടെ സമരം തന്നെ വിജയിച്ചു, പരീക്ഷ മാറ്റിക്കുമെന്നു പറഞ്ഞാല്‍ മാറ്റിച്ചിരിക്കും. പക്ഷെ എന്താണോ എന്തൊ ഈ വിജയത്തിന്റെ ആഹ്ലാദം ആഘോഷിക്കാന്‍ പറ്റുന്നില്ല. ഹോളി ആഘോഷമൊന്നും നടക്കുന്നില്ല, കാരണം ആര്‍ക്കും ബോധമില്ലല്ലൊ. ആകെ അല്പം ബോധമുള്ള നമ്പീശന്‍ പതിഞ്ഞ ശബ്ദത്തില്‍ പാടി തുടങ്ങി.
“നാരകം നട്ടിടം
കൂവളം കെട്ടിടം
നാരീ ഭരിച്ചിടം
----------------------------“
ഈ പോസ്റ്റില് വിവരിച്ചിരിക്കുന്ന മഹാനുഭാവന്മാരെ നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ കാണാം.
കാലചക്രം തിരിഞ്ഞു തിരിഞ്ഞു 2006 ആയ കാലം (കാലചക്രം എങ്ങനെ തിരിയുന്നു എന്നറിയാത്തവര് പഴയ മഹാഭാരതം സീരിയല് കണ്ടാല് മതി, അത് തുടങ്ങുന്നത് തന്നെ ഈ ചക്രം തിരിച്ചു കൊണ്ടാണ്). പതിവു പോലെ ഒരു B-Tech പരീക്ഷക്കാലം, ഞങ്ങള് ഹോസ്റ്റലേഴ്സ് എല്ലാവരും ഗംഭീര പഠിത്തത്തിലാണു. അല്ലേലും പഠിത്തം എന്നു പറഞ്ഞാല് പിന്നെ ഞങ്ങള്ക്കെല്ലാവറ്ക്കും ഭയങ്കര ഹരമാണ്, ഒരേ തൂവല് പക്ഷികള് എന്നൊക്കെ പറയാറില്ലെ, ദതു തന്നെ. കോളേജ് ചെയറ്മാനായ പീഡു തംബുരാന് Age of empires എന്ന കടുകട്ടി സബ്ജക്റ്റിന്റെ രണ്ടാം അധ്യായം ആണു പഠിക്കുന്നത്, ഞാനാവട്ടെ Euro Trip എന്ന ഒരു ഈസി സബ്ജക്റ്റും. ഞങ്ങളുടെ അയല് മുറിയന്മാറ് അഡ്വാന്സ്ഡ് സബ്ജക്റ്റുകള് മാത്രമേ പഠിക്കാറുള്ളൂ, അതും ഗ്രൂപ്പ് സ്റ്റഡി. അവന്മാരിപ്പോള് പച്ചീസി എന്ന ഇറ്റാലിയന് സബ്ജക്റ്റാണ് പഠിക്കുന്നത്, ഇതിന്റെ ഇന്ഡ്യന് പതിപ്പായ ലൂഡോ എന്ന സബ്ജക്റ്റുണ്ടെങ്കിലും ഇവറ്ക്ക് സ്നേക്ക് ആന്ഡ് ലാഡറോടു കൂടിയ പച്ചീസി ആണു പഥ്യം, മറ്റൊന്നും കൊണ്ടല്ല എല്ലാരും കോണ്ഗ്രസ്കാരാണു. അതാണ് ഈ ഇറ്റലി പ്രേമത്തിനു കാരണം. പിന്നെ നമ്മുടെ ഭൂലോക പഠിപ്പിസ്റ്റായ ലുട്ടാപ്പിയാവട്ടെ യോഗനിദ്രയിലാണു. അദ്ദേഹം, തന്നെ അതിലേക്കായതല്ല OPR, OCR, MCB എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഏതെങ്കിലും External Agents മായുള്ള രാസപ്രവറ്ത്തന ഫലമായിരിക്കാം ഈ യോഗനിദ്ര. എന്തായാലും കിടക്കുന്ന പ്രദേശം മുഴുവന് വാള്മുനയാല് കളം വരച്ചുള്ള ആ കിടപ്പ് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണേ!!അങ്ങനെ എല്ലാവരും അവനവന് ആനന്ദം കണ്ടെത്താനുള്ള മാറ്ഗ്ഗങ്ങളുമായി സസുഖം വാഴുമ്പോളാണ് ആ അശരീരി കേട്ടത്.
എക്സാം മാറ്റിവെച്ചേ……… എക്സാം മാറ്റിവെച്ചേ!!!!
നമ്മുടെ കുട്ടിച്ചാത്തനാണു അലറി വിളിക്കുന്നത്. ഇന്ഡ്യാവിഷനില് ന്യൂസ് ഫ്ലാഷുണ്ടു പോലും. ചാത്തന്റെ പുറകെ വന്ന പ്രിയനും വാറ്ത്ത ശരി വെച്ചു. ഇനി ഇപ്പോള് എന്ത് ചെയ്യും ഇതു വരെ പഠിച്ചതെല്ലാം വെറുതെ, നമ്മുടെ നമ്പീശനാവട്ടെ സങ്കടം സഹിക്കാതെ കരഞ്ഞു തുടങ്ങി. അദ്ദേഹം വളരെ നന്നായി പച്ചീസി പഠിച്ചിരുന്നു. ഞാന് പറഞ്ഞു “കരയണ്ട നമ്പിക്കുട്ടാ പരീക്ഷ മാറ്റിവെച്ചതല്ലെ ഉള്ളൂ, ക്യാന്സല് ചെയ്തിട്ടൊന്നുമില്ലല്ലൊ, ചത്താലും ശരി നമ്മള് പരീക്ഷ എഴുതിയിരിക്കും”.
ഇനി ഈ സങ്കടം എങ്ങനെ മാറ്റും?? അതിനു ഞങ്ങളുടെ മുന്നില് 2 വഴികളാണ് തെളിഞ്ഞു വന്നത്.
1. ഈ സങ്കടം വൃത്താന്തം ലേഡീസ് ഹോസ്റ്റലില് അറിയിക്കുക. 2. ഹോളി ആഘോഷിക്കുക.
ഒന്നാമത്തെ കാര്യം ചാത്തന് അപ്പോള് തന്നെ ചെയ്തു കഴിഞ്ഞു. ഇവിടെ കേട്ടതിനേക്കാള് പതിന്മടങ്ങ് ഉച്ചത്തില് നെഞ്ചത്തടിയും നിലവളിയും അവിടെ നിന്നും കേട്ടു. ചാത്തന് ഹാപ്പി ആയി.
അപ്പോള് ഇനി ഹോളി ആഘോഷം തുടങ്ങാമല്ലോ, അല്ലേ? ഇതു സാധാരണ ഹോളി ആഘോഷം പോലെയൊന്നുമല്ല വളരെ വ്യത്യസ്ഥമാണ്. ഇതിലെ പ്രധാന പരിപാടികള് വെറുതെ പോകുന്നവന്റെ തലയില് ഒരു ബക്കറ്റ് വെള്ളം കമിഴ്ത്തുക (ചായത്തിനൊക്കെ എന്താ വില!! ഡെയലി യൂസിനു വെള്ളമാണ് ബെസ്റ്റ്), എല്ലാ മുറിയിലേയും ബെഡ്ഡില് വെള്ളം ഒഴിക്കുക, എതിര്ക്കാന് വരുന്നവന്റെ തലയ്ക്കടിക്കുക, അവന്റെ വംശ പരമ്പരകളുടെ മുഴുവന് തന്തയ്ക്ക് വിളിക്കുക മുതലായ കലാപരിപാടികളോടെയാണ് ഈ ഹോളി ആഘോഷം. വളരെയധികം സന്തോഷം വരുമ്പോഴെല്ലാം ഈ കലാപരിപാടികള് ഞങ്ങള് നടത്താറുണ്ട്. എല്ലാത്തവണയും ബെസ്റ്റ് ഹോളിയിസ്റ്റിന് സസ്പെന്ഷന് നല്കി കോളേജധികൃതറ് ആദരിക്കാറുമുണ്ട്. ഇതിപ്പോള് സ്റ്റഡി ലീവ് ആയത് കൊണ്ട് ഗപ്പൊന്നും കിട്ടാന് സാധ്യതയില്ല, എന്നാലും നമുക്ക് ഹോളി ആഘോഷിക്കാതെ പറ്റില്ലല്ലോ. അങ്ങനെ കലാപരിപാടികള് തുടങ്ങി, ഉടവാളുമായി കിടന്ന ലുട്ടാപ്പിയുടെ പുറത്ത് 3 ബക്കറ്റ് വെള്ളമൊഴിച്ചുകൊണ്ടാണ് കലാപരിപാടികള് അവസാനിപ്പിച്ചത്. പുറത്ത് വീണതിനേക്കാള് അധികം വെള്ളം അകത്താക്കിയിരുന്ന ആ മഹാനുഭാവന് ഞങ്ങളെ ഇങ്ങനെ ശപിച്ചു.
എന്റെ പുറത്ത് വെള്ളമൊഴിച്ചവന്മാരെല്ലാം കാലാനുകാലം സപ്ലിയടിച്ച് പണ്ടാരമടങ്ങുമെടാ -------ന്റെ മക്കളെ.
ഓ പിന്നെ ഇതാണു വല്യ ശാപം, ഇപ്പോള് സപ്ലിയില്ലാത്ത മാതിരി, ഒന്നു പോടാ മ….മ….മത്തങ്ങാതലയാ എന്നൊക്കെ വിളിച്ച് എല്ലാരും പോയി കിടന്നുറങ്ങി. പിറ്റേന്ന് പ്രഭാതം പൊട്ടി വിടര്ന്നു ആരും എണീറ്റില്ല. മണി 7ആയി, 8ആയി, 9ആയി, ആരും എണീക്കുന്നില്ല. ഇതില് അദ്ഭുതപ്പെടാനൊന്നുമില്ല, ഞങ്ങള് 10 മണിയെങ്കിലുമാവാതെ എണീക്കാറില്ല, ശീലമായിപ്പോയി. 9.30 ആയപ്പോള് ലുട്ടാപ്പി കെട്ട് വിട്ട എഴുന്നേറ്റ് നേരെ റീഡിംഗ് റൂമിലേക്ക് പോയി. അവിടെ ചെന്നിട്ടവന് ചിന്തിച്ചു തുടങ്ങി, “അല്ല ഞാനെന്തിനാണ് ഇങ്ങോട്ട് വന്നത്, എന്തായാലും വന്ന സ്ഥിതിക്ക് പത്രം വായിച്ചു കളയാം”. പത്രത്തിന്റെ ഉള്പ്പേജിലെ ഒരു വാറ്ത്തകണ്ട് അവന് ഞെട്ടി വിറച്ചു, പൊട്ടിത്തെറിച്ചു. ബോധ ശൂന്യനായ് നിലമ്പതിച്ച ലുട്ടാപ്പിയുടെ കയ്യില് നിന്നും പത്രക്കടലാസുകള് താഴേക്കു വഴുതി വീണു.