25 February, 2008

എന്റെ പാചകപരാക്രമങ്ങള്

കാലം, 90കളുടെ അവസാന പാദം, ഞാന്‍ ആലപ്പുഴ എസ്. ഡി. കോളേജില്‍ ഒരു പ്രീ ഡിഗ്രി സ്റ്റുഡന്റ് ആയ് ജോലി നോക്കുന്നു.പുതിയ തലമുറയിലെ പല കുട്ടികള്‍ക്കും ഈ ജോലിയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ച് അറിയാന്‍ വഴിയില്ല. മനോഹരമായ ഒരു ജോലിയാണിത്. ഇതിനുള്ള മിനിമം യോഗ്യത പത്താം ക്ലാസ്സ് പാസ്സായിരിക്കണം എന്നതാണ്. മറ്റ് യോഗ്യതങ്ങള്‍ എന്തെല്ലാമെന്ന് ദൈവത്തിനു പോലും പ്രവചിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ചില ചില്ലറ യോഗ്യതകളൊക്കെ മിക്കവാറും എല്ലാ മലയാളികളും ക്ലാസ്സ് മേറ്റ് പോലുള്ള സിനിമകളില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ടാവും. ഇപ്പോള്‍ ഇതൊന്നുമല്ല നമ്മുടെ വിഷയം, എന്റെ പാചക പരാക്രമങ്ങളാണ് നാം ഇവിടെ പ്രതിപാദിക്കാന്‍ പോകുന്നത്.

One fine morning, അല്ല ഒരു നല്ല രാവിലെ ഞാന്‍ കെട്ടി ഒരുങ്ങി കോളേജിലേക്ക് യാത്രയായി. പതിവുപോലെ അമ്മയുടെ ചോദ്യം, അപ്പോള്‍ 11 മണിക്ക് തന്നെ തിരിച്ചെത്തുമല്ലോ, അല്ലേ?

ഇന്നത്തെ കാര്യം ഒന്നും പറയാന്‍ പറ്റില്ലാ, ഊഴം വെച്ച് നോക്കിയാല്‍ ഇന്നു KSUവിന്റെ strike ആണു പക്ഷെ അവറ്ക്ക് ഈയിടെയായി പഴയ ആത്മാറ്ത്ഥത ഇല്ല. ദൈവം കനിഞ്ഞാല്‍ പതിവു പോലെ നോം ഇവിടെയുണ്ടാവും. അല്ലാ എന്താ വിശേഷിച്ച് ഇപ്പോള്‍ ചോദിക്കാന് കൊണ്ട്?

ഒന്നുമില്ലേ കുറെ കാശും മുടക്കി നിന്നെയൊക്കെ കോളേജിലയക്കുന്നതിന്റെ ചാരിതാറ്ത്ഥ്യം കൊണ്ടു ചോദിച്ചു പോയതാണ്. പിന്നെ ഒരു കാര്യം ഇന്ന് ഇവിടെ മീനൊന്നും കിട്ടിയിട്ടില്ല അത് കൊണ്ട് ഉച്ചക്കു ചോറുണ്ണാന്‍ വന്ന് ചന്ദ്രഹാസം മുഴക്കേണ്ട. നിറ്ബന്ധമാണേല്‍ നിന്റെ KSU കാരോട് വാങ്ങിച്ച് തരാന്‍ പറ മീന്‍ പുഴുങ്ങിയത്.

ഈ ഡയലോഗ് എനിക്കൊട്ടും രസിച്ചില്ല, സ്വന്തം മോന്‍ ഒരു മീന്‍ (മത്സ്യം) കൊതിയനാണെന്നുള്ള കാര്യം അത്ര രഹസ്യമൊന്നുമല്ല. പക്ഷെ സ്വന്തം അമ്മ തന്നെ അത് വിളിച്ചു പറഞ്ഞ് നടക്കേണ്ട വല്ല കാര്യവുമുണ്ടോ? നോക്കണേ ഓരോ‍രോ പങ്കപ്പാടുകള്‍.

എന്തായാലും അതൊന്നും ആലോചിച്ചിരിക്കാനുള്ള സമയം ഇല്ല, വേഗം ചെന്നില്ലേല്‍ സിന്ധു അവളുടെ പാട്ടിനു പോകും. സിന്ധുവെന്ന് കേട്ട് ഞെട്ടണ്ട, അങ്ങനെയുള്ള യാതൊരു നല്ല ശീലങ്ങള്‍ക്കുമുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. സിന്ധു ഞാന്‍ സ്ഥിരം പോകാറുള്ള ബസ് ആണ്

ബസ് വന്നു നിന്നപ്പോഴെ കാര്യം വ്യക്തമായി. ഇന്നും strike തന്നെ. നമ്മുടെ സ്ഥിരം കക്ഷികളൊന്നും ബസ്സിലില്ല. അപ്പോള്‍ ഇനി പോകണോ വേണ്ടയോ confusion ആയല്ലോ ഭഗവാനെ!!!

“സ്വപ്നം കാണാതെ വേണേല്‍ കേറെടാ“ നമ്മുടെ കിളിച്ചേട്ടനാണ്. എന്തായാലും വീട്ടില്‍ നിന്നിട്ട് കാര്യം ഇല്ല. പിന്നെ ഏതാണ്‍ പുതിയ പടം റിലീസ്സായത് എന്ന് നോക്കിയിട്ട് വരാം. (പാറ്ട്ടി ഭേദമന്യെ strike ന്റെ ലക്ഷ്യം റിലീസ് ദിവസങ്ങളില്‍ സിനിമ കാണലാണ് ).

ഒടുവില്‍ കോളേജിലെത്തി, ഗെയിറ്റ് കടക്കാന്‍ പോലും പോലീസ് സമ്മതിച്ചില്ല. നമ്മള്‍ വിചാരിച്ച പോലെയല്ല കാര്യം strike നടത്തുന്നത് ABVP യാണ്. അപ്പോള്‍ ഏതോ ഹിന്ദിപ്പടം ആയിരിക്കണം റിലീസ്സായിരിക്കുന്നത്. എന്നാലിനി തീയേറ്ററ് നിരങ്ങി നോക്കാം, പെണ്‍പിള്ളാര്‍ ഒന്നും വന്നിട്ടില്ല അത് കൊണ്ട് സിനിമ കാണാനുള്ള പൈസ കിട്ടുമെന്ന് കരുതേണ്ട. എന്നാലും വെറുതെ സിനിമ ഏതാണെന്ന് ഒന്ന് നോക്കി വെച്ചേക്കാം. തേടിയ വള്ളി കാലേല്‍ ചുറ്റി, ABVP യിലെ സുമേഷും സിനിമയ്ക്കാണെന്നാ തോന്നുന്നത്.

“അളിയോ ഏതാ പുതിയ റിലീസ്, ഏതാ തീയേറ്ററ്?” ഒറ്റ ശ്വാസത്തിലായിരുന്നു ചോദ്യം.

“Apollo 11, ശാന്തി തീയേറ്ററ്”

എന്തര് കപ്പോളോ ഇലവനാ അപ്പം നീയൊക്കെ ഡീസന്റായാ. എന്റെ പട്ടി കാണും ഈ പടമൊക്കെ. നമുക്കു വീട്ടിലോട്ട് തന്നെ പോയി ഇന്‍ഡ്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് കാണാം അതാ നല്ലത്.

“അതാ വരുന്നു നമ്മുടെ ബസ്സ്, ആഹാ നിറ്ത്തില്ലാ എന്നാണോ എന്നാല്‍ അതൊന്നു കണ്ടിട്ടു തന്നെ. വാടാ സുമേഷേ“.

കണ്ടു വ്യക്തമായി ആ ബസ്സ് 100ല്‍ പറക്കുന്നത്. ഇനി അടുത്ത ബസ്സ് തന്നെ ശരണം. അടുത്ത ബസ്സില്‍ എങ്ങനെയൊക്കയോ കേറിപ്പറ്റി വീടിനടുത്തുള്ള സ്റ്റോപ്പിലിറങ്ങി സൈക്കിളെടുത്ത് വീട് ലക്ഷ്യമാക്കി ആഞ്ഞ് ചവിട്ടാന്‍ തുടങ്ങി. പതിവ് പോലെ അനിച്ചേട്ടന്റെ കട ആയപ്പോള്‍ സൈക്കളിന്റെ സ്പീഡ് കുറഞ്ഞ് കുറഞ്ഞ് നിശ്ചലമായി. അച്ഛന് അവിടെ പറ്റുണ്ട്, അതു കോണ്ടാണോ എന്നറിയില്ല, എനിക്ക് അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ ദാഹവും വിശപ്പും. ഈയിടെയായി അനിയത്തിയും തുടങ്ങിയിട്ടുണ്ട് ഈ പരിപാടി എന്ന് പറ്റ് ബുക്ക് എന്നെ പഠിപ്പിച്ചു.

അനിച്ചേട്ടോ ഒരു സോഡാ സറ്ബത്തെടുത്തോ, മധുരം കുറ്ച്ച് കൂട്ടിയിട്ടോ!!

അങ്ങനെ ഇന്ധനം കിട്ടിയ ആവേശത്തില്‍ വീണ്ടും സൈക്കിളെടുത്ത് പറപ്പിച്ചു.

വീട്ടിലെത്തിയപ്പോള്‍ പതിവു പോലെ ആരും ഇല്ല. അച്ഛനും അമ്മയും ജോലിക്കും അനിയത്തി സ്കൂളിലും പോയി. എന്റെ സൌകര്യാറ്ത്ഥം ഇപ്പോള്‍ എനിക്കും ഒരു താക്കോല്‍ ഉണ്ടാക്കി തന്നിട്ടുണ്ട് വീട്ടില്‍ കേറാന്‍.

ഓടിച്ചെന്ന് ടിവി ഓണ്‍ ചെയ്ത് നോക്കി നമ്മുടെ പ്രതീക്ഷകള്‍ തെറ്റിയിട്ടില്ല, സച്ചിന്‍ പതിവു പോലെ out. ദ്രാവിഡ് പതിവു ശൈലിയില്‍ തുഴച്ചില്‍ തുടങ്ങിയിട്ടുണ്ട്. 7 ഓവറ് തുഴഞ്ഞിട്ടും ഒരു കരയ്ക്കുമെത്തിയില്ല. അതോടെ ഇന്‍ഡ്യ നല്ല അടിത്തറ ഇടുമെന്ന് മനസ്സിലാക്കിയ ഞാന്‍ ടിവി ഓഫ് ചെയ്ത് ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ മേലോട്ട് നോക്കിയിരിപ്പായി.

അപ്പോഴാണു‍ മത്തിമത്തിയേപൂഹോയ് എന്നൊരലറ്ച്ച കേട്ടത്.

അതാ വരുന്നൂ ദൈവദൂതന്‍ മീങ്കാരന്റെ രൂപത്തില്‍. കിട്ടീ ഐഡിയ ഇന്നത്തെ പരിപാടി മീങ്കറി ഉണ്ടാക്കല്‍. എന്താ നിങ്ങള്‍ക്ക് സംശയം ഉണ്ടോ ആദ്യമായിട്ടാണു ചെയ്യുന്നതെങ്കിലും ഞാനിതില്‍ ഒരു expert അല്ലെ. ഇന്നത്തോടെ അമ്മയുടെ അഹങ്കാരം തീറ്ക്കണം വല്യ പാചക നിപുണയാണെന്നാ ഭാവം. ഇന്നെല്ലാം തകറ്ക്കും ഞാന്‍.

അങ്ങനെ മീന്‍ വാങ്ങിച്ചു. 10 രൂപയ്ക്ക് 8 മത്തി, അപ്പോള്‍ ഒരു മത്തിക്കെത്ര?

ഇനി രുചികരമായ മീങ്കറി എങ്ങനെ ഉണ്ടാക്കാം എന്ന്‍ നമുക്ക് നോക്കാം.

അതിനായി ആദ്യം മീന്‍ മുറിച്ചു വൃത്തിയാക്കണം, അത് ആരു ചെയ്യും? ആരു ചെയ്യാനാ നമ്മള്‍ തന്നെ ചെയ്യണം.

അപ്പോള്‍ മീന്‍ മുറിക്കല്‍ തുടങ്ങാം. ഇതു വളരെ എളുപ്പമുള്ള പണിയാണ്. ആദ്യമായി മീന്‍ കയ്യിലെടുക്കുമ്പോള്‍ തന്നെ അത് വഴുതിക്കളിച്ചു തുടങ്ങും ഇത്രയും നാള്‍ വെള്ളത്തില്‍ കിടന്നത് കൊണ്ടാവും ഈ വഴു വഴുപ്പ്. പിന്നെ ഒന്നും നോക്കാനില്ല. നല്ല ഒരു പലകയെടുത്ത് അതിന്മേല്‍ ഈ മീനിനെ പ്രതിഷ്ഠിക്കുക. എന്നിട്ട് ആദ്യം തലയും പിന്നെ വാലും നോക്കി നല്ല രണ്ടു വെട്ട് കൊടുക്കുക. If you are lucky enough, something will remain there. For example, ഈ പരീക്ഷണത്തിനു ശേഷവും എനിക്ക് 1 – 2 cm നീളത്തില്‍ കുറെ മീന്‍ കഷ്ണങ്ങള്‍ കിട്ടി. അതാണതിന്റെ ബൂട്ടി. പിന്നെ ഇതിന്റെ ഇടയില്‍ ചെയ്യേണ്ട മറ്റൊരു കാര്യം മീനിന്റെ കുടലും അനുബന്ധ ഭാഗങ്ങളും നീക്കം ചെയ്യുക എന്നതാണു. എന്താണോ എന്തോ ഇതൊന്നും ഞാന്‍ കണ്ടില്ല. ഇനി കുടലില്ലാത്ത മീനുകള്‍ ആയിരിക്കുമോ?

എന്തായാലും എന്റെ ഈ മീന്‍ മുറിക്കല്‍ കറ്മ്മം ആദ്യം മുതല്‍ അവസാനം വരെ പ്രോത്സാഹിപ്പിക്കാന്‍ ആളുണ്ടായിരുന്നു. മറ്റാരുമല്ല ഒരു പറ്റം പൂച്ചകള്‍. ആദ്യ മീന്‍ മുറിക്കലില്‍ തന്നെ അവറ് മനസ്സിലാക്കി ഞാന്‍ ഇതില്‍ അഗ്രഗണ്യനാണെന്ന് പിന്നെ എന്തായിരുന്നു പ്രോത്സാഹനം.

അങ്ങനെ അതു കഴിഞ്ഞു ഇനി എന്ത് ചെയ്യണം...വൃത്തിയാക്കിയ മീനെല്ലാം ഒരു കറിച്ചട്ടിയില്‍ ഇടുക - കുറച്ച് വെള്ളം ഒഴിക്കുക - വേവിക്കുക. അപ്പോള്‍ കിട്ടുന്നതാണു മീന്‍ പുഴുങ്ങിയത്അല്ലല്ല മീങ്കറി.

അപ്പോള്‍ ഈ കറിക്ക് എങ്ങനെ നിറമൊക്കെ കിട്ടും, അടുത്ത ചലഞ്ച്. കളറുള്ള ഏതൊക്കെ പൊടികളാണു അടുക്കളയില്‍ ഉള്ളത്..നിങ്ങള്‍ പറയൂ. മല്ലി പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എല്ലാം ആവശ്യത്തിനു ചേറ്ക്കുക. ഇതാണു നള പാചകം. ഇനി കുറച്ച് പുളി കൂടി ആവാം അല്ലെ, പിന്നല്ലാതെ. ഇനി കുറച്ച് വേപ്പിലയും ഇടാം. ഉള്ളി ചേറ്ക്കുമോ എന്തോ? ആ കണ്‍ഫ്യൂഷനില്‍ നിന്നപ്പോള്‍ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. ഇനി ഇതാരാണാവോ. അടുക്കളയുടെ വാതില്‍ ചേറ്ത്തടച്ചിട്ട് ഫോണിനടുത്തേക്ക് നീങ്ങി, അല്ല്ങ്കില്‍ നമ്മുടെ പൂച്ച വിദഗ്ധറ് കറി ടെസ്റ്റ് ചെയ്താലോ!

ഫോണില് മറ്റാരുമല്ല നമ്മുടെ രഞ്ചിയാണ് (രഞ്ചിയാരാണെന്ന് അറിയാന്‍ ഇതിനു മുന്‍പുള്ള പോസ്റ്റുകള്‍ വായിക്കുക – അതൊരു അനുഭവം തന്നെ ആയിരിക്കും). നിങ്ങള്‍ എല്ലാം എന്താ വിചാരിച്ചത് അന്നത്തെ ആ സംഭവം കഴിഞ്ഞു ഞങ്ങള്‍ തമ്മില്‍ തെറ്റിയെന്നോ..ഏയ് ഞങ്ങള്‍ ഇപ്പോഴും friendക്കളാ

അവന്റെ പ്രശ്നം പതിവ് തന്നെ എന്റെ ബാച്ചിലെ നിറ്മ്മലാ മേരിയെ പരിചയപ്പെടണം. എത്ര കിട്ടിയാലും പഠിക്കാത്ത സാധനം. ഈ മാതിരി ഒരെണ്ണത്തിനെ കൂടിയെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. അവനെ നിങ്ങള്‍ക്ക് ഇവിടെ പരിചയപ്പെടാം. രഞ്ചിയിലേക്ക് തിരികെ വരാം. അവന്റ് അഭിപ്രായത്തില്‍ ഞാനും നിറ്മ്മലയും ഒരേ ബാച്ചിലായതിനാല്‍ എനിക്കത് നിഷ്പ്രയാസം സാധിക്കുമത്രെ.ഞങ്ങളുടെ സംഭാഷണം വിവിധ strategy planning ലൂടെ നീണ്ടു നീണ്ടു പോയി. ആ കഥ പിന്നീടൊരിക്കല്‍ പറയാം എല്ലാം കഴിഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ ആരോ കോളിങ് ബെല്ലടിച്ചു.

ആഹാ ഇതാരപ്പാ എന്ന് പറഞ്ഞ് വാതില്‍ തുറന്നപ്പോള്‍ ദാ നില്‍ക്കുന്നു നമ്മുടെ മാതാശ്രീ.

വാ മോളെ വാ..ഇന്നെന്റെ മീങ്കറി കഴിച്ചു നോക്കി എന്റെ കഴിവില്‍ അഭിമാനം കൊള്ളൂ.

അമ്മയ്ക്ക് ആകെ ഒരു സംശയം എന്നെ തുറിച്ച് നോക്കിക്കൊണ്ട് വേഗം അകത്തേക്കു കടന്നിട്ട് എന്താടാ ഇവിടെയെല്ലാം ഒരു കരിഞ്ഞ മണം എന്ന് ചോദിച്ചപ്പോഴാണു എനിക്കു മീങ്കറിയുടെ സ്റ്റാറ്റസ് ഏകദേശം മനസ്സിലായത്.

അതു ഞാന്‍ മീങ്കറി വെച്ചതാ എന്നു പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് ഓടി കയറിയപ്പോഴാണ് ഞാന്‍ ആ സത്യം മനസ്സിലാക്കുന്നത് (അമ്മയും മനസ്സിലാക്കി).

ഈ സ്വറ്ഗം എന്നു പറയുന്നത് ആകാശത്തിലും പാതാളത്തിലുമൊന്നുമല്ല. അതു ഭൂമിയില്‍ തന്നെ ആണ്. കൃത്യമായി പറഞ്ഞാല്‍ എന്റെ വീടിന്റെ അടുക്കളയില്‍. അവിടെമാകെ ഇപ്പോള്‍ മേഘങ്ങളാണു (കൃത്യമായി പറഞ്ഞാല്‍ പുക അല്ലെങ്കില്‍ പുഹ). പാരിജാത പുഷ്പത്തിന്റേതാണെന്ന് തോന്നുന്നു, നല്ല സുഗന്ധം. അമ്മ എന്റെ അത്രയ്ക്കും പുണ്യം ചെയ്യാത്തതിനാല്‍ വേഗം പുറത്തേക്ക് ഗമിക്കേണ്ടി വന്നു. Poor girl – Paradise Lostഎനിക്ക് ഗ്യാസ് സ്റ്റൌവ് ഓഫ് ചെയ്യുന്ന വരെ സ്വറ്ഗത്തില്‍ നില്‍ക്കാന്‍ പറ്റി. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ എന്റെ കണ്ണു നിറഞ്ഞിരുന്നുസന്തോഷം കൊണ്ട്!!!!

ഈ പാചക പരീക്ഷണങ്ങളിലൂടെ എനിക്ക് പ്രാപ്തമായത്: ഫ്രീ ആയി സ്വറ്ഗം വിസിറ്റി, മീങ്കറി ഉണ്ടാക്കാന്‍ പഠിച്ചു, അമ്മയുടെ മുന്നില്‍ കഴിവ് തെളിയിച്ചു, സ്ത്രീകള്‍ എന്ത് കൊണ്ട് അക്കാലങ്ങളില്‍ വിമ്മിഷ്ടപ്പെട്ടിരുന്നു എന്ന് മന്‍സ്സിലാക്കി (അന്ന് എക്സോ ഇല്ലല്ലോ), പിന്നെ കുറേ പൂച്ച ആരാധകരും എനിക്കേ.....


22 February, 2008

നഷ്ടബോധത്തിന്റെ തീച്ചൂളയില്

ഇത് ഒരു കുട്ടി കഥയാണു കേട്ടോ കൂട്ടുകാരെ, കഥകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന എന്റെ എല്ലാ കൂട്ടുകാറ്ക്കും വേണ്ടിയാണു ഇതെഴുതുന്നത് (പിന്നെ അവസരം കിട്ടിയാല്‍ ബാലരമയും പൂമ്പാറ്റയും ഒളിചിരുന്ന് വായിക്കാന്‍ കൊതിക്കുന്ന എന്റെ കള്ള ആത്മാവിനു വേണ്ടിയും). പ്രിയ അമ്മമാരുടെ ശ്രദ്ധയ്ക്ക് ഈ കഥ വായിച്ചു നിങ്ങളുടെ കുട്ടികള്‍ വഴി തെറ്റാതെ നോക്കേണ്ടതു നിങ്ങളുടെ മാത്രം ഉത്തരവാദിത്വം ആണു.

സമറ്പ്പണം

എന്റെ കുട്ടിക്കാലത്ത് എന്നേയും എന്റെ പ്രിയ അനിയത്തിയേയും ഊട്ടാനും ഉറക്കാനും ഒരായിരം കഥകള്‍ മെനഞ്ഞ എന്റെ അമ്മയ്ക്കും, ഞങ്ങളെ അക്ഷരങ്ങളിലൂടെ, അറിവിന്റെ വാതായനങ്ങളിലൂടെ, കൈ പിടിച്ചുയറ്ത്തിയ / ഉയറ്ത്തുന്ന അച്ഛനും.

ഇത് പണ്ട് പണ്ട് വളരെ പണ്ട് നടന്ന കഥയൊന്നും അല്ല, കഴിഞ്ഞ ആഴ്ച നടന്ന കഥയാണു. പതിവിനു വിപരീതമായി കേശുക്കുറുക്കന്‍ രാവിലെ എണീറ്റു. പല്ല് തേക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണു ഓറ്ത്തത്, ദൈവമേ, പേസ്റ്റ് ഇന്നലേയും മേടിച്ചിട്ടില്ല. ശ്ശെനാണക്കേടായി ഇന്നും സുപ്രുക്കുറുക്കന്റെ വീട്ടില്‍ പോയി ഇരക്കണം. ങാ, ഇലനക്കി തിന്നുന്നവന്റെ ചിറി നക്കി തിന്നണം എന്നണല്ലോ വിശ്വ സാഹിത്യകാരന്‍ ജഗതി ശ്രീകുമാറ് പറഞ്ഞിരിക്കുന്നതു. തെണ്ടുക തന്നെ.

അങ്ങനെ പ്രഭാത ക്രിത്യങ്ങള്‍ കഴിഞ്ഞു, ഇനി എന്ത് ഭക്ഷിക്കും, ഇതു മാസാവസാനം അല്ലേ, കയ്യിലാണെങ്കില്‍ കാശുമില്ല കാറ്ഡുമില്ല. എന്തു ചെയ്യും ഈശ്വരാ. അപ്പോഴാണു കേശുക്കുറുക്കനു ഇന്നലെ കണ്ട മുന്തിരിച്ചെടിയുടെ കാര്യം ഓര്‍മ്മ വന്നതു. നിറയെ മുന്തിരിക്കുലകളും ഒറ്റ ഇല മാത്രമുള്ളതുമായ ആ മുന്തിരിച്ചെടി. എന്തൊരദ്ഭുതം ആയിരുന്നു അതു. ഇനി ഈ ചെടി കണ്ടിട്ട് ആയിരിക്കുമോ ഒ. ഹെന്റ്റി ലാസ്റ്റ് ലീഫ് എഴുതിയതു. ആ, എന്തു പണ്ടാരമെങ്കിലും ആവട്ടെ നമ്മുടെ വയറ് നിറയണം. അവന്‍ ചെടി ലക്ഷ്യമാക്കി നടന്നു.

ഈശ്വരാ വിചാരിച്ചതു പോലെയല്ല മുന്തിരികളെല്ലാം വളരെ ഉയരത്തിലാണല്ലോ. ഒന്ന് ചാടി നോക്കിയാലോ……രക്ഷയില്ല. അല്ലേലും ആറ്ക്ക് വേണം ഈ മുന്തിരിയൊക്കെ, ഇതിനൊക്കെ ഭയങ്കര പുളി.നില്‍ക്ക് നില്‍ക്ക് എന്തിനാ വിഷമിക്കുന്നതു ഒരു തോട്ടി സംഘടിപ്പിച്ചാല്‍ പോരെ. ഇനി അതെവിടുന്നു അടിച്ചു മാറ്റും, അല്ലേല്‍ വേണ്ട ഇതെങ്കിലും ഒരെണ്ണം ഉണ്ടാക്കാം. ഈ തോട്ടിയൊക്കെ asp.net പോലല്ല അല്ലേ. ഇതൊക്കെ ഇനി എന്നു googleല്‍ വരാനാണാവോ. എന്തായാലും തോട്ടി റെഡിയായി, ഇനി പണി തുടങ്ങാം.

“നില്‍ക്കെടാ അവിടെ, എന്താ നിന്റെ ഉദ്ദേശ്ശ്യം”. എന്റെ ദൈവമേ ദാ നില്‍ക്കുന്നു സടയന്‍ സിംഹം, ഈ മാരണം ഇപ്പോള്‍ എവിടെ നിന്നു പൊട്ടി വീണോ ആവോ. എന്തായാലും ഒന്നുറപ്പിച്ചു, ഇന്നു വായു ഭക്ഷണം തന്നെ. “കള്ളക്കുറുക്കന്‍ പതുങ്ങി വരുന്നതു കണ്ടപ്പോഴെ എനിക്കു കത്തി, മുന്തിരി അടിച്ചു മാറ്റാന്‍ ആണെന്നു. ഇതൊക്കെ ആരുടെ വകയാണെന്നാ നിന്റെ വിചാരം, ഇതെല്ലാം ക്ലിയറന്സ് കമ്പനി അവരുടെ ഫ്ലഷ് സൂപ്പറ് മാറ്ക്കറ്റിലൂടെ വില്‍ക്കാന്‍ വളറ്ത്തുന്ന മുതലുകളാ. അല്ലാതെ കള്ളക്കുറക്കനു തിന്നാനുള്ളതല്ല”. അതു ശരി ഇവന്മാറ്ക്കു ഈ പണിയും ഉണ്ടോ, ഞാന്‍ വിചാരിച്ചു ക്രിക്കറ്റ് താരങ്ങളെ വിലക്ക് വാങ്ങല്‍ മാത്രമേ ഉള്ളൂ എന്നു. എന്തായാലും ഇന്നത്തെ കണികൊള്ളാം, ഇന്നു കണ്ടവനെ തന്നെ മൂന്നു ദിവസം അടുപ്പിച്ച് കാണിക്കണേ, എന്നാല്‍ പിന്നെ ഒന്നും വേണ്ടാത്ത ലോകത്തേക്കു യാത്രയാവാം.

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്നു പറയുന്നതു ഇതാണു, അതാരാണു കുണുങ്ങി വരുന്നതു, നമ്മുടെ മീനുക്കുട്ടി അല്ലേ. നാണക്കേടായല്ലോ, അവള്‍ എല്ലാം കണ്ടെന്നു തോന്നുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. അല്ലേല്‍ ഇത്രനാണിക്കാന്‍ എന്താ ഇതൊക്കെ എന്റെ സ്ഥിരം പരിപാടി ആ‍ണെന്നു അവള്‍ക്കറിയാമല്ലോ. എന്നാലും ഒരു 8 വയസ്സുകാരിയുടെ മുന്‍പില്‍ ചമ്മുക എന്നു പറ്ഞ്ഞാല്‍, ആ പോട്ടെ.

“കുറുക്കച്ചാ കുറുക്കച്ചാ എന്തു പറ്റി, എന്താ മുഖത്തൊരു വാട്ടം?“

“എന്തു പറയാനാ മോളേ, കുറച്ചു മുന്തിരി കഴിക്കമെന്ന് വെച്ച് വന്നതാ നടന്നില്ല”.

“അതാണോ ഇത്ര വലിയ കാര്യം, എന്റെ കൂടെ വരൂ എത്ര മുന്തിരി വേണേലും തരാം”

“സത്യം“

“സത്യം“

അങ്ങനെ നമ്മുടെ മുന്തിരി കൊതിയന്‍ കേശുക്കുറുക്കന്‍ മീനുക്കുട്ടിയുടെ കൂടെ യാത്രയായി.

നടന്ന് നടന്ന് അവര്‍ ഫിലാഡെല്ഫിയാ ജംഗ്ഷനിലെത്തി. പെട്ടന്നു റോഡു മുറിച്ചു കടക്കാനൊരുങ്ങിയ മീനുവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയ കാറിനെ കണ്ടു കേശുക്കുറുക്കന്റെ നല്ല ജീവന്‍ പോയി.

അവന്‍ പറഞ്ഞു: മോളെ ഇനി ഒരിക്കലും ഇങ്ങനെ പറ്റരുതു, റോഡു മുറിച്ചു കടക്കുമ്പോള്‍ എപ്പോഴും റോഡിന്റെ 2 വശവും നോക്കി വാഹനം ഒന്നു വരുന്നില്ല എന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം മുറിച്ചു കടക്കുക.

ഒരു വിധത്തില്‍ റോഡ് മുറിച്ചു കടന്നു അവറ് പരമൂച്ചേട്ടന്റെ fruit stall / chips stallല്‍ എത്തി. അവിടെ ചെന്നപ്പോള്‍ തന്നെ കൊതിയന്‍ കുറുക്കന്റെ വായില്‍ വെള്ളമൂറി. എന്തല്ലാം പഴങ്ങള്‍, കൂടാതെ ഒരു വശത്ത് പരമൂച്ചേട്ടന്‍ ചിപ്സ് വറുത്ത് കോരുന്നു.

“ വാ കുറുക്കച്ചാ, നമുക്കു മുന്തിരി വാങ്ങിക്കാം”

ആറ്ത്തിയോടെ മുന്തിരിയിലേക്കു നോക്കിയ കുറുക്കച്ചന്‍ ഞെട്ടി, എന്നിട്ട് മീനുവിനോട് ചോദിച്ചു

“ആ ഇരിക്കുന്ന മുന്തിരി ആണോ മോള്‍ പറഞ്ഞത്, വേണ്ട മോളെ നമുക്കു പോകാം.“

“അതെന്താ കുറുക്കച്ചാ?“

“മോള്‍ ആ മുന്തിരിയിലേക്കും പിന്നെ ഉപ്പേരിയിലേക്കും ഒന്നു സൂക്ഷിച്ചു നോക്കിക്കേ, എന്താ വ്യത്യാസം?“

“ഉപ്പേരിയുടെ മുകളില്‍ കുറെ ഈച്ച ഉണ്ടു, മുന്തിരി നല്ലവ്രിത്തിയില്‍ ഒറ്റ ഈച്ച പോലും ഇല്ലാതെ ഇരിക്കുന്നു.“

“അതെ മോളെ, അതു തന്നെ കാ‍രണം, ഈച്ച ഇല്ലാത്തത് വ്രിത്തി കാരണം അല്ല, അതില്‍ കീടങ്ങളെ നശിപ്പിക്കാനുള്ള വിഷമുള്ളതു കൊണ്ടാണു ഈച്ചച്ചാറ്ക്ക് അതു മനസ്സിലായി, പാവം മനുഷ്യര്‍ക്കു ഇതു വരെ മനസ്സിലായില്ല. ഇതൊക്കെ ഇങ്ങനെ സ്ഥിരമായി വാങ്ങിച്ചു തിന്നാല്‍ മോള്‍ക്കു ഉവ്വാവു വരും, പിന്നെ എങ്ങനെയാ സ്ക്കൂളില്‍ പോവ്വാ?”

“ഇതൊക്കെ എങ്ങനെയാ കുറുക്കച്ചാ നമ്മള്‍ മനസ്സിലാക്കുന്നതു?”

“മോളെ, കണ്ണും, കാതും, മനസ്സും ഈ ലോകത്തേക്കു തുറന്നു വെച്ച് സംശയം ഉള്ളതെല്ലാം ചോദിചു മനസ്സിലാക്കി ജീവിക്കണം, അതിനുള്ള ബുദ്ധി ഈശ്വരന്‍ നിങ്ങള്‍ മനുഷ്യര്‍ക്കു തന്നിട്ടുണ്ട്, ഓറ്ക്കുക, നിങ്ങള്‍ക്കു മാത്രമേ അത് ദൈവം തന്നിട്ടുള്ളൂ”.

കുറുക്കച്ചന് പറഞ്ഞു നിറ്ത്തി. മീനുക്കുട്ടിയുടെ നിഷ്ക്കളങ്കമായ മുഖത്തേക്കു നോക്കും തോറും കുറുക്കച്ചന്റെ മനസ്സ് നീറി.

അവന്‍ ഫിലാഡെല്ഫിയാ ജങ്ഷനിലേക്കിറങ്ങി അലറി.

“ഈ കുരുന്നുകള്‍ക്കു, നാളെയുടെ വാഗ്ദ്വാനങ്ങള്‍ക്കു, നല്ലതു പറഞ്ഞു കൊടുക്കാന്‍ ഇവിടെ ആരുമില്ലേ? എന്റെ ചോദ്യം നിങ്ങളോടാണു, അതെ ശാസ്ത്ര സാഹിത്യ പരിക്ഷത്തിനോടു തന്നെ. യുറീക്കയും ശാസ്ത്രകേരളവും കൊണ്ടു നിങ്ങള്‍ കെട്ടിപ്പൊക്കിയ ആ സംസ്ക്കാരം, അതിനു ചാമരം വിരിച്ചു നിന്ന ബാലവേദിയെന്ന കുട്ടികൂട്ടങ്ങളും, അതിന്റെ സത്ത ഉള്‍ക്കൊണ്ട നാടും നഗരവും ഇന്നീ കുരുന്നുകള്‍ക്കു അന്ന്യമെന്നോ? അന്ന് സൈലന്റ് വാലിയില്‍ മരം മുറിക്കാനെത്തിയ കാറ്ക്കോടകരോട് ആദ്യം ഞങ്ങളെ വെട്ട് എന്നിട്ട് മരം വെട്ടാം എന്നു ഉദ്ഘോഷിച്ച ആ പരിഷത്ത് ചേട്ടന്മാര്‍ എവിടെ? നിങ്ങള്‍ക്കാവുമോ ഈ ധാറ്മ്മിക ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍? ചരിത്രം നിങ്ങള്‍ക്ക് മാപ്പ് നല്‍കിയാല്‍, ആ ചരിത്രത്തിനാരു മാപ്പ് നല്‍കും

പറയൂ. നിങ്ങള്‍ തന്നെ പറയൂ

വിദ്യഭ്യാസ വിവാദങ്ങള്‍ക്കും രാഷ്ട്രീയ രാജസൂയങ്ങള്‍ക്കുമിടെയില്‍ സമയമുണ്ടെങ്കില്‍ മാത്രം!!!”

കുറുക്കച്ചന്‍ പറഞ്ഞു നിറ്ത്തി. കുറുക്കന്റെ ജല്‍പ്പനങ്ങള്‍ കേട്ട കാണികള്‍ പിരിഞ്ഞു. അപ്പോള്‍ കുറുക്കുന്‍ മീനുകുട്ടിയെ എടുത്ത് പതിഞ്ഞ ശബ്ദത്തില്‍ പാടിത്തുടങ്ങി.

മാനത്ത് മാരിവില്ലെന്തു കൊണ്ടു

താരങ്ങള്‍ മിന്നുന്നതെന്തു കൊണ്ടു

കാക്കയും പ്രാവും പറക്കുന്ന പോലെന്റെ

പൂച്ച പറക്കാത്തതെന്തു കൊണ്ടു

എന്തു കൊണ്ടു

എന്തു കൊണ്ടു

എന്തു കൊണ്ടു എന്തു കൊണ്ടു എന്തു കൊണ്ടു !!!!!

NB: ഈ പോസ്റ്റിലെ കുറുക്കച്ചനെ മനസ്സിലായവര്‍ ഒരു കമന്റ് ഇട്ട് അറിയിക്കണേ


19 February, 2008

ഒരു പ്രണയകാലത്തിന്റെ ഓര്മയ്ക്

ഈ കഥയും ഇതിലെ കഥാപാത്രങളും തികച്ചും യഥാര്‍ത്ഥവും ഈ ക്രൂര കഥാപാത്രങള്‍ എന്നെ കണ്ടാല്‍ തല്ലുമെന്ന് ഉറപ്പായതിനാലും എനിക്ക് എന്തെങ്കിലും പറ്റിയാല്‍ മാന്യ വായനക്കാര്‍ ആയിരിക്കും ഉത്തരവാദികള്‍ എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.

അപ്പോള്‍ നമുക്ക് കഥ തുടങ്ങാം. വളരെ പണ്ടു നടന്ന കഥയാണു കേട്ടോ

നീ എന്റെ കൂടെ നില്‍ക്കുമോ ഇല്ലയോ ഇപ്പോള്‍ പറയണംരഞ്ചിത്തിന്റെ ചോദ്യം എന്നെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി.

സംഭവം വെരി സീരിയസ്അവന്റെ കൂടെ നിന്നില്ലെങ്കില്‍ ഏഴാം ക്ലാസ് ക്രിക്കറ്റ് ടീമില്‍ നിന്ന് ഉറപ്പായും പുറത്ത്. ഇനി കൂടെ നിന്നാലോ മിക്കവാറും സ്കൂളില്‍ നിന്ന് തന്നെ പുറത്താവും.(അതാണു ഇതു വരെ ഉള്ള അനുഭവം) എന്നാലും കാര്യം എന്തെന്ന് അറിയണമല്ലോ. എന്നിട്ടാവാം ബാക്കിയൊക്കെ.

ഞാന്‍: നീ കാര്യം പറ വല്ലവനേയും തല്ലാന്‍ ആണോ? ഞാന്‍ ആ പണി നിറ്ത്തി എന്നറിയാമല്ലോ

രഞ്ചി: എടാ കൂട്ടുകാര്‍ ആയാല്‍ പരസ്പര വിശ്വാസം വേണം. തല്ലാന്‍ ആണെങ്കില്‍ നിന്റെ ആവശ്യം എന്താ നമുക്ക് വരുണ്‍ ഇല്ലേ.

ഹോ! അത്രയും ആശ്വാസം. സ്കൂളില്‍ നിന്നും പുറത്താവില്ല. ഇത് വേറെ ഏതോ ഏടാകൂടം ആണു. എന്തായാലും ക്രിക്കറ്റ് ടീം ഒരു പ്രശ്നം തന്നെ.

ഞാന്‍: എന്നാല്‍ നീ കാര്യം പറ. നമുക്ക് പരിഹാരം ഉണ്ടാക്കാം.

രഞ്ചി: കാര്യം ഞാന്‍ ഇന്റെറ്വെല്ലിനു പറയാം ഇപ്പോള്‍ പറ്ഞ്ഞാല്‍ ശരി ആവില്ല.

അപ്പോള്‍ അന്താരാഷ്ട്ര പ്രശ്നം ആണു. മിക്കവാറും അമേരിക്ക ഉപരോധം ഏറ്പ്പെടുത്തും ഉറപ്പ്.

രാഖി ടീച്ചറുടെ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ ആയില്ല. എങ്ങനെ ശ്രദ്ധിക്കും പ്രശ്നം ഗുരുതരം ആണല്ലോ.

എന്തായാലും പതിവു പോലെ ഉള്ള ഇമ്പോസിഷന്‍ കിട്ടി ബോധിച്ചു. പിന്നേയും എന്റെ മനസ്സില്‍ ന്യായ അന്യായ്ങ്ങളുടെ വടം വലി ആരംഭിച്ചു. ഒരു വശത്ത് ക്രിക്കറ്റും മറു വശത്ത് അച്ച്ഛനും. ഓ ഞാന്‍ പറയാന്‍ മറന്നു എന്റെ അച്ച്ഛന്‍ ഇതേ സ്കൂളിലെ അദ്ധ്യാപകന്‍ ആണു. അത് എന്റെ ഏറ്റവും വലിയ സന്തോഷംകാരണം മറ്റൊന്നും അല്ല കിട്ടാനുള്ളതൊക്കെ കൃത്യമായി കിട്ടാറുണ്ടേ.

എന്റെ മനസ്സ് പ്രധാനമായും നാലു കാര്യങ്ങളില്‍ കേന്ദ്രീകരിച്ചു. അച്ച്ഛന്‍ – ചൂരല്‍ – ക്രിക്കറ്റ് – വിക്കറ്റ് കീപ്പറ്. അതെന്താണോ എന്തൊ? (ഞാന്‍ പറയാന്‍ മറന്നു ഞാന്‍ ഏഴാം ക്ലാസ് ടീമിന്റെ വിക്കറ്റ് കീപ്പറ് ആണു, കാരണം മ്റ്റൊന്നും അല്ല, ഫീല്‍ഡിങ് സമയത്ത് വെറുതെ നിന്നാല്‍ മതി. ഓടാന്‍ നമുക്ക് പണ്ടേ മടി ആണല്ലോ).

അങ്ങനെ കാത്ത് കത്തിരുന്ന ഇന്റെറ്വെല്‍ എത്തി. ര്ഞ്ചിയും കൂട്ടരും ഓടി എന്റെ അടുത്ത് എത്തി അങ്ങനെ ചറ്ച്ച ആരംഭിച്ചു. നീ കൂടെ നില്‍ക്കുമോ ഇല്ലയോ? വെഗം പറ എന്നിട്ടു വേണം ക്രിക്കറ്റ് ടീമിനേയും ഏറു പന്ത് ടീമിനേയും തീരുമാനിക്കാന്‍. അവന്‍ മൊഴിഞ്ഞു.

വീണ്ടും അച്ച്ഛന്‍ – ചൂരല്‍ – ക്രിക്കറ്റ് – വിക്കറ്റ് കീപ്പറ്. ഒടുവില്‍ ക്രിക്കറ്റ് തന്നെ വിജയിച്ചു. അങ്ങനെ ഏഴാം ക്ലാസ് ക്രിക്കറ്റ് ടീമിനു ഒരു വിലപ്പെട്ട വിക്കറ്റ് കീപ്പറേയും ബാറ്റ്സ്മാനേയും നില നിറ്ത്താന്‍ ആയി. എന്റെ ഒരു ത്യാഗമേ.

ഞാന്‍ എന്തിനും റെഡി നീ ഇനി കാര്യം പറ.

എഡാ നിനക്ക് നാലാം ക്ലാസ്സിലെ മീരയെ അറിയാമോ?

ഇല്ല.

എന്റെ ഭാഗ്യം.

അവള്‍ നിന്നെ എന്ത് ചെയ്തു

അവള്‍ ഒന്നും ചെയ്തില്ല. എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണു. പക്ഷെ നമ്മുടെ ഓന്തു വാസുവും അവളുടെ പുറെകയാ. പക്ഷെ ഞാന്‍ അവളെ വിട്ട് കൊടുക്കില്ല.

അപ്പോള്‍ അതാണു കാര്യം ഏഴാം ക്ലാസ് കാരനു നാലാം ക്ലാസ് കാരിയോട് പ്രേമം. അതും ട്രയാംഗില്‍ പ്രേമം. അപ്പോള്‍ എന്താണാവോ എന്റെ റോള്‍ ഇതില്‍, അവനോടു ഞാന്‍ ചോദിച്ചു. മോറല്‍ സപ്പോറ്ട്ട് തന്നെ. ഓന്ത് വാസു ചൊറിയാന്‍ വന്നാല്‍ കലിപ്പിക്കുക അതാണു പണി. അപ്പോള്‍ നമ്മള്‍ വാടക ഗുണ്ട ആണല്ലെ, കൊള്ളാം നല്ല പരിപാടി അപ്പോള്‍ വരുണ്‍ എവിടെ പോയി? കാര്യം നടക്കണേല്‍ നമ്മള്‍ തന്നെ വേണം.

നീ ശരിക്കും സീരിയസ്സാണോ?

അതെ അവളെ കെട്ടാതെ ഒരു ജീവിതം ഇല്ല.

നീ എപ്പൊള്‍ കെട്ടും

ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞിട്ട്

എനിക്കു ബോധ്യമായി അവന്‍ ശരിക്കും സീരിയസ്സ് ആണു.

ഇനി ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല. എന്നാലും ഒരു സംശയം. അവനോടു ചോദിക്കുക തന്നെ.

കല്യാണം കഴിച്ചിട്ടു നിങ്ങള്‍ എങ്ങനെ ജീവിക്കും.

എഡാ മണ്ടാ അതിനു എന്റെ ഡാഡിക്കു ജോലി ഇല്ലേ, പിന്നെന്താ പ്രെശ്നം?

സംശയം സോള്‍വെഡ് എല്ലാം ക്ലിയറ് ആയി ഇങ്ങനെ വേണം ഡാഡിമാര്‍ ആയാല്‍ അല്ലാതെ.

അപ്പോള്‍ എന്താണു പരിപാടി?

വളരെ സിമ്പിള്‍ നാളെ ഉച്ചയ്ക് അവളോടു ഞാന്‍ പറയാന്‍ പോകുന്നു ചിത്ര്ത്തിലെ മോഹന്‍ലാ‍ലിനെ പോലെ.

അതു വേണോ

വേണം അല്ലേല്‍ ഓന്തു വാസു കേറി കൊത്തും, അവന്‍ നാലു കൊല്ലം തോറ്റതല്ലേ, അങ്ങനെ അവന്‍ സുഖിക്കേണ്ട.

അതു ശരിയാ

അപ്പോള്‍ നാളെ നീ പോയി പറയും അല്ലേ

ഞാന്‍ അല്ല.നമ്മള്‍

നമ്മളോ, എഡാ എനിക്കു നാളെ അമ്മാവന്റെ വീട്ടില്‍ പോണം അവിടെ കല്യാണം ആണു.

എന്നാല്‍ നമുക്കു മറ്റെന്നാള്‍ പറയാം

അവനു കാര്യം മനസ്സിലായി, അവനാരാ മോന്‍.

ഛീ കല്യാണത്തിനൊക്കെ ആറ്ക്കു പോണം, എനിക്കു വലുതു നിന്റെ കല്യാണം ആണു.

അപ്പോള്‍ എല്ലാം പറഞ്ഞ പോലെഅപ്പോള്‍ നാളെ ഈറന്‍ മേഘം പൂവും കൊണ്ടു.പിന്നെ ഇതു ഒരു കാരണവശാലും വാസു അറിയരുതുമനസ്സിലായോ

അതു പിന്നെ പറയാന്‍ ഉണ്ടോ

എഡാ എനിക്കു ഒരു സംശയം നാളെ നമ്മള്‍ മാത്രമേ ഉള്ളോ അതോ വേറെ ജഗ ജില്ലികളും ഉണ്ടോ.

എന്റെ ഡാഡിയും വരുന്നുണ്ട്അല്ല പിന്നെ.

ഒടുവില്‍ ആ സുദിനം വന്നെത്തി. എന്റെ നെഞ്ചു പടാപടാ ഇടിച്ചു തുടങ്ങി. ക്ലാസ് ആരംഭിച്ചു രഞ്ചി വന്നിട്ടില്ലഹോ രക്ഷപെട്ടു.

സെക്കന്റ് പീരീഡു കഴിഞ്ഞപ്പോള്‍ പണ്ടാരക്കാലന്‍ എത്തി.

നീ എവിടെ പോയിരിന്നു.

ഞാന്‍ ഒന്നു അമ്പലം വരെ പോയിരുന്നു. ഒരു നല്ല കാര്യത്തിനു പൊകുവല്ലേ.

വീണ്ടും എന്റെ നെഞ്ച് ഡ്രം അടിക്കാന്‍ തുട്ങ്ങി.

അപ്പോള്‍ രഞ്ചി പറഞ്ഞു

അല്ലേല്‍ വേണ്ടല്ലേ ഇതൊക്കെ ചീപ്പു പരിപാടികള്‍ അല്ലേ..

ദൈവത്തിനു ശക്തി ഉണ്ടെന്നു പറയുന്നത് ഇതാണു. എന്റെ പ്രാറ്ത്ഥന കേട്ടല്ലോ.

ഇന്ററ്വെല്ലിനു ഓന്തു വാസു രഞ്ചിയൊടു എന്തോ പറയുന്നത് കണ്ടു.

രഞ്ചി ഓടി വന്നിട്ടു പറഞ്ഞു, ഡാ പ്രശ്നം ആയി അവന്‍ നമ്മുടെ പ്ലാന്‍ അവന്‍ അറിഞ്ഞു. അവനിപ്പോള്‍ അവളോടു ഐ ലവ് യു അടിക്കാന്‍ പോകുവാണെന്ന് പിന്നെ ഞാന്‍ എന്തിനാടാ ഈ മീശയും വെച്ചോണ്ടു നടന്നിട്ട്.

ഏത് മീശ

അല്ല ആണാണെന്ന് പറഞ്ഞ് നടന്നിട്ട്.

എന്നാല്‍ വേഗം വാ നമുക്ക് അവനെ പിടിക്കാം

ഞങ്ങള്‍ ഓടി അവിടെ എത്തിയപ്പോഴേക്കും ഓന്തു വാസു മീരയെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നതാ‍ണു കണ്ടതു. സംഗതിയുടെ കിടപ്പു മനസ്സിലാക്കി വലിയാന്‍ നോക്കിയ എന്നെ രഞ്ചി തൂക്കി എടുത്തോണ്ടു പോയി, അതായത് അവന്റെ നാലു ഇരട്ടി തൂക്കമുള്ള എന്നെ അവന്‍ തൂക്കി എടുത്തെന്ന്. ഇതിനായിരിക്കും പ്രേമതിന്റെ ശക്തി എന്നു പറയുന്നതു.

ഞാന്‍ ഇത്രയും വ്യക്തമായി കേട്ടു

ഡീ നിനക്ക് എന്നെയാണോ അതോ ഈ ----ന്റെ മോനെ (രഞ്ചി) ആണോ ഇഷ്ടം. പറയെഡീ.

വളരെ പ്രസക്തമായ ചോദ്യം. ഒരു 15 വയസ്സുകാരന്‍ 9 വയസ്സുകാരിയോടു തീര്‍ച്ചയയും ചോദിച്ചിരിക്കേണ്ട ചോദ്യം. ഇതിനാലാവണം പ്രേമത്തിനു കണ്ണില്ല കണ്ണില്ല എന്നു പറയുന്നതു.

പേടിച്ചരണ്ട മീര ആദ്യം വാസുവിനെ നോക്കി, പിന്നെ രഞ്ചിയെ നോക്കി, പിന്നെ എന്നെ നോക്കിയിട്ടു ഒറ്റക്കരച്ചില്‍. അതിനിടയില്‍ അവളുടെ ഒരു ഒടുക്കത്തെ ഡയലോഗുംങീ ങീ ചേട്ടന്‍ ആ സാറിന്റെ മകന് അല്ലെ, എനിക്കറിയാം ഞാന്‍ പറഞ്ഞു കൊടുക്കുംങീ ങീ.

എന്ത് കൊണ്ടു ഭൂമി കുലുക്കം ഉണ്ടായില്ല, പ്രളയം ഉണ്ടായില്ല, ഞാ‍ന്‍ ചത്തു പോയില്ല.

ഞാന്‍ ചുറ്റും നോക്കി, എവിടെ വാസു? എവിടെ രഞ്ചി? ഞാനും മീരയും പത്ത് മുപ്പതു കാഴ്ചക്കാരും.

അതിനിടയ്ക്ക് രഞ്ചിയുടെ ശബ്ദം ഞാന്‍ ഒരു അശരീരി പോലെ കേട്ടു. എല്ലാം കൊളം ആക്കിയപ്പോള്‍ നിനക്ക് മതിയായല്ലോ നിനക്കു ഞാന്‍ വെച്ചിട്ടുണ്ടു. അപ്പോള്‍ എന്റെ മനസ്സില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ച്ഛന്‍ – ചൂരല്‍ – അച്ച്ഛന്‍ – ചൂരല്‍ – അച്ച്ഛന്‍ – ചൂരല്‍

പിന്നെ എന്തു സംഭവിച്ചു എന്നു എത്ര ആലോചിച്ചിട്ടും എനിക്കറിയില്ലഅന്നുംഇന്നുംസത്യം.

വാല്‍ക്കഷ്ണം: ദൈവത്തിനു അവിടം കൊണ്ടും മതിയായില്ല. കഴിഞ്ഞ ദിവസം അമ്മ വിളിച്ചിട്ടു പറഞ്ഞു എഡാ നിനക്കു ഒരു നല്ല കല്യാണ ആലോചന വന്നിട്ടുണ്ടു, നിനക്കറിയില്ലേ ഒരു മീരയെ നിന്റ്റെ ജൂനിയര്‍ ആയി പഠിച്ച ----ന്റെ മോള്‍..എന്താ നിന്റെ അഭിപ്രായം.ഡാ നീ കേള്‍ക്കുന്നില്ലേഹലോഹലോ.

ഞാന്‍ കേട്ടുവ്യക്തമായി ങീ ങീ ചേട്ടന്‍ ആ സാറിന്റെ മകന് അല്ലെ, എനിക്കറിയാം ഞാന്‍ പറഞ്ഞു കൊടുക്കുംങീ ങീ.