06 April, 2008

ഞങ്ങളെ തൊട്ടു കളിച്ചവരൊന്നും…….


ഭാഗം 2
ബോധം വീണ്ടെടുത്ത ലുട്ടാപ്പി ഓടി എന്റെ റൂമില്‍ വന്ന് സുഖമായി ഉറങ്ങുകയായിരുന്ന എന്നെ കുത്തി എണീപ്പിച്ചു. ഒന്നും മനസ്സിലാവാതെ എണീറ്റ് കണ്ണും മിഴിച്ചിരുന്ന എന്നോടവന്‍ മൊഴിഞ്ഞു: “മച്ചൂ, നമ്മുടെ എക്സാം മാറ്റി വെച്ചു, നീ അറിഞ്ഞില്ലേ?“
“ഇതിനാണോടാ പട്ടീ നീ എന്നെ എണീപ്പിച്ചത്. ഇതറിഞ്ഞിട്ടല്ലേ നിന്റെ പുറത്ത് ഇന്നലെ വെള്ളമൊഴിച്ചത്, നീ അറിഞ്ഞില്ല അല്ലേ, എങ്ങെനെ അറിയാനാ ബോധം വേണ്ടെ?“
“ഓഹോ നിനക്കൊക്കെ ഇത് ആഘോഷമാണല്ലെ! ഞാനാണെങ്കില്‍ ഒന്നും പഠിച്ചിട്ടില്ല, അവന്റെയൊക്കെ ഒടുക്കത്തെയൊരു ആഘോഷം!”
“അതിനെന്താ അളിയാ പരീക്ഷ മാറ്റി വെച്ചാല്‍ സമയമങ്ങോട്ട് കിടക്കുകയല്ലേ നീ ഇങ്ങനെ ടെന്‍ഷന്‍ ആവാതെ”
“അതു ശെരി, അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ട് പിന്നേം നിനക്ക് മുറുമുറുപ്പല്ലേ”
“ഏത് അരി? ഏത് ആശാരിച്ചി? നീ രാവിലെ തന്നെ എടുത്ത് വീശി അല്ലേ?”
“നിന്റെ മറ്റവനാടാ വീശിയത്, എന്നെകൊണ്ടൊന്നും പറയിക്കല്ലെ, എടാ മരപ്പട്ടീ പരീക്ഷ മാറ്റി വെച്ചന്നത് ശരി തന്നെ, അതായത് ഏപ്രില്‍ 28 ലെ പരീക്ഷ ഏപ്രില്‍ 15 ലേക്ക് മാറ്റി, സന്തോഷമായോ?”
“എന്ത് അളിയാ എന്നെ ഒന്നു പിടിച്ചേ എനിക്ക് ഒരു നെഞ്ച് വേദന പോലെ, നീ പറയുന്നത് സത്യമാണോ, അതോ നീ ഇന്നലത്തെ പോലെ വീലാണോ?”
“പോടാ $&^%$!@*, പത്രം എടുത്ത് നോക്ക്, അപ്പോള്‍ നീയൊക്കെ പഠിക്കും, അല്ല ഈ എക്സാം മാറ്റിയ കാര്യം ആരാ നിങ്ങളോട് പറഞ്ഞത്”
“നമ്മുടെ കുട്ടിച്ചാത്തനാ അളിയാ, അവനെ ഞാനിന്നു കൊല്ലും” തളര്‍ന്ന ശബ്ദത്തോടെ ഞാന്‍ പറഞ്ഞു.
“ഇല്ലെടാ ഇല്ല, അവന്റെ രക്തം എനിക്കുള്ളതാ ഞാന്‍ കൊല്ലും അവനെ” എന്നു പറഞ്ഞ് ലുട്ടാപ്പി ചാത്തന്റെ റൂമിലേക്ക് ഓടി, പുറകെ ഞാനും.
ചാത്തന്റെ റൂമിലെത്തിയപ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തന്നെ അവനെ കൊല്ലാനായി എത്തിയിട്ടുണ്ട്, ഇനി എന്ത് ചെയ്യും ഈ ക്യൂവില്‍ നിന്നിട്ട് കാര്യമൊന്നുമില്ല. ഇത്രയും പേര്‍ക്ക് കൊല്ലാനുള്ള വകുപ്പൊന്നും ചാത്തനലില്ല.
ജനക്കൂട്ടം കണ്ട് അമ്പരന്ന ഞങ്ങളോട് ഫിലിപ്പ് പറഞ്ഞു, “അറിഞ്ഞില്ലെ, നമ്മുടെ ചാത്തനെ ഇലക്ട്രിക്കലിലെ വൃന്ദാ മേനോന്‍ തെറി വിളിച്ചു അവരെ പറ്റിച്ചു എന്ന് പറഞ്ഞു, ചാത്തന്‍ സെന്റിയടിച്ച് കിടപ്പില് ആണ്”.
അപ്പോള്‍ അതാണ് കാര്യം, നമ്മള്‍ ചെയ്യാനുള്ളത് വൃന്ദ ചെയ്തു, മിടുക്കി. ഞാനും ലുട്ടാപ്പിയും സന്തോഷവാന്‍മാരായി.
അപ്പോഴാണ് സണ്ണി കണ്ണും തിരുമ്മി അങ്ങോട്ട് വന്നത്, അവന്‍ ഞങ്ങളോട് ചോദിച്ചു: “അളിയാ കാര്യങ്ങളൊക്കെ അറിഞ്ഞില്ലെ, ഇനി നമ്മള്‍ എന്ത് ചെയ്യും? കാര്യങ്ങളോക്കെ ഇങ്ങനെയാണെങ്കില്‍ അടുത്താഴ്ച പരീക്ഷ നടക്കും നമ്മുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് വെള്ളത്തിലാവുകയും ചെയ്യും, എന്താ വഴി?”
“നമുക്ക് അനീഷിനെക്കൊണ്ട് ഒന്നു യൂണിവേഴ്സിറ്റിയിലോട്ടു വിളിപ്പിച്ചാലോ? അവന്റെ ആരൊ അവിടെയില്ലെ കാര്യങ്ങള്‍ കൃത്യമായി അറിയുകയും ചെയ്യാം”
ഞങ്ങള്‍ അനീഷിന്റെ റൂമിലേക്കു ചെന്നപ്പോള്‍ തന്നെ അവന്‍ പറഞ്ഞു “ഞാന്‍ യൂണിവേഴ്സിറ്റിയിലെ അങ്കിളിനെ വിളിച്ചിരുന്നു, പുതുതായി വന്ന വൈസ് ചാന്‍സലര്‍ സ്ട്രിക്ട് ആണത്രെ ഈ എക്സാം മാറ്റിച്ചതൊക്കെ അവരുടെ പണിയാണു പോലും, ഇത്തവണ പഴയ മെമ്മോറാണ്ടം കളിയൊന്നും നടക്കുകേലാ, ജയിക്കണേല്‍ കുത്തിയിരുന്നു പഠിച്ചോളാന്‍ പറഞ്ഞു”.
“നാരകം നട്ടിടം
കൂവളം കെട്ടിടം
നാരീ ഭരിച്ചിടം
----------------------------“
നമ്പീശന്‍ പതിയെ പാടി തുടങ്ങി. വൈസ് ചാന്‍സലര്‍ സ്ത്രീ ആയതാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം എന്ന് വ്യംഗ്യം.
“മനുഷ്യനു ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ്‍ അവന്റെ ഒരു കൂവളം കെട്ടിടം”.
“കൂവളം കെട്ടിടമോ? അതെന്ത് കെട്ടിടം അളിയാ” അപ്പോള്‍ അങ്ങോട്ടു വന്ന രെഞ്ചി ചോദിച്ചു.
“അത് നിന്റെ അമ്മായി അമ്മയെ കുഴിച്ചിട്ടില്ലെ അതിന്റെ മുകളില്‍ പണിത കെട്ടിടം, രാവിലെ ഓരോന്നിറങ്ങിക്കോളും കൂവളം കെട്ടിടോം തപ്പി”.
നമുക്ക് ജോണിന്റെ റൂമിലേക്ക് ചെന്ന് അവന്മാരുടെ പരിപാടി എന്താണെന്ന് നോക്കാം. അവിടെ ചെന്നപ്പോള്‍ ജോണും പീഡുവും കൂടി മെമ്മോറാണ്ടത്തിന്റെ മാറ്റര്‍ തയ്യാറാക്കുകയാണ്.
ഞാന്‍ പറഞ്ഞു: “അളിയോ ഈ സൈസ് പുതിയ വൈസ് ചാന്‍സലറിന്റെ അടുത്ത് നടക്കുകേലാ വേറെ വഴി നോക്കണം”
“അതെ അതെ കൂവളം കെട്ടിടം” രഞ്ചി എന്നെ പിന്താങ്ങി.
“കൂവളം കെട്ടിടമോ, അതെന്ത് കെട്ടിടം” പീഡുവിന്റെ നിഷ്ക്കളങ്കമായ ചോദ്യം.
“അത് നിന്റെ അമ്മായി അമ്മയെ കുഴിച്ചിട്ടില്ലെ അതിന്റെ മുകളില്‍ പണിത കെട്ടിടം“. സന്തോഷത്തോടെ രഞ്ചി പറഞ്ഞു.
“എടാ നമുക്ക് വേറെന്തെങ്കിലും പരിപാടി നോക്കണം, ആ മെമ്മോറാണ്ടം വലിച്ച് കീറി കളഞ്ഞോ”
“എന്നാല്‍ നമുക്ക് പത്രത്തില്‍ ഒരു പബ്ലിസിറ്റി നടത്തി നോക്കിയാലോ” രഞ്ചി ചോദിച്ചു.
“പോടാ അവിടുന്ന്, പത്രാധിപര്‍ നിന്റെ -----അല്ലെ നീ പറയുന്നത് എഴുതാന്‍”
“അളിയാ പരിപാടിയൊക്കെ ഒപ്പിക്കാം, നീ വേഗം ഇംഗ്ലീഷിലും മലയാളത്തിലും ഒരു മാറ്റര്‍ തയ്യാറാക്കി താ”
“നീ വെറുതെ ആശ തരല്ലെ, ഇത് തമാശ കളിക്കാനുള്ള കാര്യം അല്ല” ജോണ്‍ പറഞ്ഞു.
“നീ എഴുതെടാ, ബാക്കി കാര്യം ഞാന്‍ ഏറ്റു”.
ഇത് കേട്ട് അല്പം സംശയത്തോടെയാണെങ്കിലും പീഡു ഇംഗ്ലീഷിലും, ജോണ്‍ മലയാളത്തിലും മാറ്റര്‍ തയ്യാറാക്കി തുടങ്ങി.
രഞ്ചിയാവട്ടെ ശ്രീകുമാറിനെ വിളിക്കാന്‍ അവന്റെ റൂമിലേക്കും.
ശ്രീകുമാറിന്‍ ടെലിവിഷന്‍ ചാനല്‍കാരൊക്കെയായി നല്ല ബന്ധമാണ്. അതുപയോഗപ്പെടുത്തലാണു രഞ്ചിയുടെ ഉദ്ദേശ്യം.
അര മണിക്കൂറിനുള്ളില്‍ മാറ്ററുമായി രഞ്ചിയും ശ്രീകുമാറും സ്ഥലം വിട്ടു.
ഇതൊന്നും നടക്കാന്‍ പോണില്ലെടേ എന്ന ഭാവത്തില്‍ നമ്മെളെല്ലാം പതിവു കലാപരിപാടികളിലേയ്ക്കും തിരിച്ചു പോയി.
പക്ഷെ ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ശ്രീകുമാറിന്റെ ഫോണ്‍ വന്നു. “അഴിയാ, കാര്യങ്ങളൊക്കെ ക്ലിയഴായി നടന്നു, പത്രത്തിലൊക്കെ വാര്‍ത്ത നാളെ വരും, ഇന്‍ഡ്യാവിഷന്‍ നമ്മുടെ ഇന്റെര്‍വ്യൂ എടുക്കാന്‍ അങ്ങോട്ടു വരുന്നുണ്ട്, അങ്ങോട്ടു………വരുന്നുണ്ട്. നിങ്ങള്‍ അത് മാനേജ് ചെയ്തോണം, ഞങ്ങള്‍ കുറച്ച് ലേറ്റാവും, ങാ പിന്നെ ഇന്ഡ്യാവിഷന്‍ ടീമിന്‍ നിന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട് അവര്‍ നിന്നെ വിളിക്കും, ഓകെ, ബൈ”.
“എന്താടാ അവന്‍ പറഞ്ഞത്” ജോണിന്റെ ചോദ്യം.
“ഒന്നുമില്ലെടാ അവന്‍ വെള്ളമടിച്ച് എന്തോ പിച്ചും പേയും പറയുന്നതാ”
“ഞാന്‍ അപ്പോഴേ പറഞ്ഞില്ലെ ഇതൊന്നും നടക്കില്ല എന്ന്” പീഡുവാണു.
എന്തായാലും എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ഇന്‍ഡ്യാവിഷന്റെ ഫോണ്‍ വന്നു, കോളേജിലെക്കുള്ള വഴി ചോദിച്ചുകൊണ്ടു.
ഈ സന്തോഷവര്‍ത്തമാനം അറിയിച്ചപ്പോള്‍ പീഡു പറഞ്ഞു, ഞാനപ്പോഴെ പറഞ്ഞില്ലെ അവന്മാര്‍ പോയാല്‍ കാര്യം നടക്കുമെന്നു.
ഞാന്‍ അവനെ നോക്കി പല്ലിറുമ്മി.
അല്പ സമയത്തിനുള്ളില്‍ തന്നെ ടിവിക്കാര്‍ എത്തി. ഫാഷന്‍ ഷോയ്ക്ക് പോവുന്നത് പോലെ കുറെ സുന്ദരന്മാരെയും സുന്ദരികളെയും കണ്ട് ടിവിക്കാ‍ര്‍ ഞെട്ടി.
എന്തായാലും പറയാനുള്ളതെല്ലാം ജോണും പീഡുവും കൂടെ വളരെ തന്മയത്വത്തോടെ അഭിനയിച്ചു. അവരുടെ വിഷമം കണ്ട ക്യാമറാമാനും റിപ്പോര്‍ട്ടറും കരച്ചിലോടെ കരച്ചില്‍. ഒരു വിധത്തില്‍ അവരെ സമാശ്വസിപ്പിച്ചു വിട്ടു. അപ്പോള്‍ നാളെ രാവിലെ മുതല്‍ ഈ അങ്കം ടിവിയില്‍ കാണാം.
പിറ്റേന്ന് രാവിലെ തന്നെ പത്രങ്ങളായ പത്രങ്ങളൊക്കെ നോക്കിയപ്പോള്‍ വാര്‍ത്ത വന്നിട്ടുണ്ട്, കുറെക്കൂടെ നല്ല ഭാഷയില്‍. ന്യൂ ഇന്ഡ്യന്‍ എക്സ്പ്രക്സ് 4 കോളം വാര്‍ത്ത തന്നെ കൊടുത്തിരിക്കുന്നു, ഇവന്മാര്‍ ഇതു എങ്ങനെ ഉണ്ടാക്കിയോ ആവോ?
പിന്നെ ടിവിയില്‍ ന്യൂസ് തുടങ്ങുന്നതിന്റെ മ്യൂസിക് കേട്ട് എല്ലാവരും അങ്ങോട്ട് ഓട്ടമായി. പറഞ്ഞപോലെ അവര്‍ വാക്ക് പാലിച്ചു. കൃത്യമായി ഞങ്ങളുടെ കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു. അത് കേട്ടപ്പോഴാണ്‍ ഞങ്ങള്‍ ഇത്രയും വലിയ പ്രശ്നത്തിലാണെന്ന് മനസ്സിലായത്. എന്താ‍യാലും ചാനല്‍ കവറേജൊക്കെ വന്നതല്ലേ ഒന്നു കൂടി യൂണിവേഴ്സിറ്റിയിലേക്കു വിളിക്കാന്‍ അനീഷിനെ ശട്ടം കെട്ടി.
യൂണിവേഴ്സിറ്റിയില്‍ വിളിച്ച അനീഷ് പറഞ്ഞു: “അളിയാ പണി ഏറ്റെന്നാ തോന്നുന്നത്. ഇന്ന് സിംഡിക്കേറ്റ് മീറ്റിങ്ങ് വിളിച്ചിട്ടുണ്ട്, അതിലാ പരീക്ഷയുടെ ഫൈനല്‍ തീരുമാനം വരുന്നത്. എന്തായാലും പരീക്ഷ മാറ്റാനാ സാദ്ധ്യത എന്നാ അങ്കിള്‍ പറഞ്ഞത്”.
ഈ വാര്‍ത്ത തന്നെ ചെറിയ ഒരു ആഘോഷത്തിനു തീ കൊളുത്തി.
ഉച്ചയോടെ തന്നെ ടിവി ചാനല് ആ വാര്‍ത്ത പുറത്തു വിട്ടു, അവരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുട്ടികളുടെ സൈകര്യാര്‍ത്ഥം യൂണിവേഴ്സിറ്റി പരീക്ഷ മാറ്റിവെച്ചു. വിശദാംശങ്ങള്‍ നാളെ അറിവാകും. അപ്പോള്‍ തന്നെ ഹോളി ആഘോഷം തുടങ്ങി, പിന്നല്ലാതെ ഇത്തവണ ചാത്തന്‍ അല്ല പറഞ്ഞിരിക്കുന്നത്, സിംഡിക്കേറ്റാ….ഇങ്ങനെയിരിക്കും ഞങ്ങളെ തൊട്ടാല്‍…യൂണിവേഴ്സിറ്റി ആണെന്നൊന്നും ഞങ്ങള്‍ നോക്കില്ല.
അങ്ങനെ ഞങ്ങളുടെ സഹന സമരം വിജയം കണ്ടു ഞങ്ങള്‍ യൂണിവേഴ്സിറ്റിയെ കെട്ടുകെട്ടിച്ചു. രാത്രി വൈകിയെത്തിയ രഞ്ചിക്കും ശ്രീകുമാറിനും ഗംഭീര വരവേല്പായിരുന്നു, ഇതൊന്നും മനസ്സിലാക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവരെങ്കിലും.
പിറ്റേന്ന് പത്രമെടുത്തവരെല്ലാം ബോധം കെട്ട് താഴെ വീണു, മറ്റൊന്നും കൊണ്ടല്ല പരീക്ഷ മാറ്റിവെച്ച വാര്‍ത്ത കണ്ടുള്ള സന്തോഷം തന്നെ കാരണം. ആ വാര്‍ത്ത പ്രകാരം 15 ന്‍ രാവിലെ നടത്തേണ്ട പരീക്ഷ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം മാറ്റി വെച്ചു, എന്നത്തേക്കെന്നല്ലേ അന്ന് ഉച്ചക്കത്തേക്ക് തന്നെ. അങ്ങനെ ഞങ്ങളുടെ സമരം തന്നെ വിജയിച്ചു, പരീക്ഷ മാറ്റിക്കുമെന്നു പറഞ്ഞാല്‍ മാറ്റിച്ചിരിക്കും. പക്ഷെ എന്താണോ എന്തൊ ഈ വിജയത്തിന്റെ ആഹ്ലാദം ആഘോഷിക്കാന്‍ പറ്റുന്നില്ല. ഹോളി ആഘോഷമൊന്നും നടക്കുന്നില്ല, കാരണം ആര്‍ക്കും ബോധമില്ലല്ലൊ. ആകെ അല്പം ബോധമുള്ള നമ്പീശന്‍ പതിഞ്ഞ ശബ്ദത്തില്‍ പാടി തുടങ്ങി.
“നാരകം നട്ടിടം
കൂവളം കെട്ടിടം
നാരീ ഭരിച്ചിടം
----------------------------“
8 comments:

Jith Raj said...

ഉച്ചയോടെ തന്നെ ടിവി ചാനല് ആ വാര്ത്തൊ പുറത്തു വിട്ടു, അവരുടെ റിപ്പോര്ടിനെ തുടര്ന്ന് കുട്ടികളുടെ സൌകര്യാര്ഥം യൂണിവേഴ്സിറ്റി പരീക്ഷ മാറ്റിവെച്ചു. വിശദാംശങ്ങള്‍ നാളെ അറിവാകും. അപ്പോള്‍ തന്നെ ഹോളി ആഘോഷം തുടങ്ങി, പിന്നല്ലാതെ ഇത്തവണ ചാത്തന്‍ അല്ല പറഞ്ഞിരിക്കുന്നത്, സിംഡിക്കേറ്റാ….ഇങ്ങനെയിരിക്കും ഞങ്ങളെ തൊട്ടാല്…യൂണിവേഴ്സിറ്റി ആണെന്നൊന്നും ഞങ്ങള്‍ നോക്കില്ല.
തുടര്‍ന്ന് വായിക്കുക...

തോന്ന്യാസി said...

കൊള്ളാല്ലോ മാഷേ...ഹോളി ആഘോഷം......

രണ്ടു ഭാഗം കൂടി വായിച്ച് ഒരുമിച്ച് കമന്റടിയ്ക്കാന്‍ ഇരുന്നതാ....അപ്പോ കര്‍ട്ടന്‍ എന്റെ വക

Rare Rose said...

അങ്ങനെ സംഭവബഹുലമായ ചെറുത്തുനില്‍പ്പിനൊടുവില്‍ പരീക്ഷ ഉച്ചത്തേക്ക് മാറ്റിവച്ചല്ലേ..!!..എന്തായാലും അതുകൊണ്ടു
ചാനലില്‍ തല കാണിക്കാന്‍ പറ്റിയില്ലേ..കുറ്റം പറയരുതു..നാരി ഭരിക്കുന്നതു കൊണ്ട് ആ ഒരു ഗുണം കിട്ടിയില്ലേ..
ഒത്തിരി രസിപ്പിച്ചൂ ട്ടാ ഈ ഹോസ്റ്റല്‍ വിശേഷം..ഒത്തിരി ഓര്‍മ്മകള്‍ മനസ്സിലേക്ക് കൊണ്ടു വന്നു ഈ പോസ്റ്റ്..കുളമാക്കിയ ടൂര്‍ കണ്ടു..അതും കലക്കന്‍ തന്നെ..ഇനിയും എഴുതൂ..:-)

സൂര്യകാന്തി said...

നന്നായിരിക്കുന്നു...... ഹോസ്റ്റല് ജീവിതം തിരിചു കിട്ടിയതു പോലെ..... വീണ്ടും എഴുതൂ...

ശ്രീ said...

ഹ ഹ. എന്തായാലും സംഭവം കലക്കി.

“രാത്രി വൈകിയെത്തിയ രഞ്ചിക്കും ശ്രീകുമാറിനും ഗംഭീര വരവേല്പായിരുന്നു, ഇതൊന്നും മനസ്സിലാക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവരെങ്കിലും.”
:)

വിഷു ആശംസകള്‍...!
ഒപ്പം നിങ്ങളുടെ സുഹൃദ്‌ബന്ധം എന്നെന്നും നില നില്‍ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.

Jith Raj said...

ഹോളി ആഘോഷമൊക്കെ ഒരു സാമ്പിള്‍ മാത്രം തോന്ന്യാസി. അതിലും ഭയങ്കര പരിപാടികളൊക്കെ വേറെയൂണ്ട്, പതുക്കെ വിവരിക്കാം.
പരൂക്ഷ ഉച്ചത്തേക്ക് മാറ്റിവെച്ചത് വല്യ ഒരു ആശ്വാസം ആയിരുന്നു, യൂണിവേഴ്സിറ്റിക്കും ഭരിച്ച ആ നാരിക്കും. റോസിനെയും സൂര്യകാന്തിയേയും ഈ പോസ്റ്റ് ഒത്തിരി രസിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. സത്യമാണോ എന്തൊ!!!

ശ്രീയുടെ കമന്റിനും വിഷു ആശംസകള്‍ക്കും നന്ദി.

കുഞ്ഞന്‍ said...

ജിത്ത്,

അതെയതെ ഒത്തു പിടിച്ചാല്‍ മലയും മറിക്കാം..!

വേറിട്ടൊരു ടൂര്‍ വീഡിയൊ. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനംസ്...!

Jith Raj said...

അഭിനന്ദനങ്ങള്‍ക്ക് നന്ദി കുഞ്ഞാ, വീഡിയോയുടെ അണിയറ പ്രവര്‍ത്തകരെ ഞാന്‍ തീര്‍ച്ചയായും ഇത് അറിയിക്കാം.